നന്തിബസാര്‍: നന്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉസ്താദ് ഹോട്ടല്‍ ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചു. ഇന്നലെ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ശുചിത്വ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പാചകത്തിനും ഭക്ഷ്യസംസ്‌കരണത്തിനുമായി ഉപയോഗിക്കുന്ന പാത്രങ്ങള്‍ യഥാസമയം ശുചീകരിക്കാത്തതാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. പാത്രം കഴുകുന്നതിനുള്ള മതിയായ സൗകര്യങ്ങളില്ല. ഷവര്‍മ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ പൊടിയും മറ്റ് മലിനീകരണങ്ങളും നേരിട്ട് പതിയാവുന്ന രീതിയില്‍ സൂക്ഷിച്ചിരുന്നതായും കണ്ടെത്തി. സ്ഥാപനം അതീവ വൃത്തിഹീനമായ നിലയിലായിരുന്നു. ഈച്ചശല്യവും രൂക്ഷമായിരുന്നു.

വൃത്തിഹീനമായ തറയും മലിനമായ പ്രവര്‍ത്തനമേഖലയും സ്ഥാപനത്തില്‍ കണ്ടെത്തി. ഭക്ഷ്യവസ്തുക്കള്‍. സൂക്ഷിക്കുന്ന ഫ്രീസര്‍ അതീവ വൃത്തിഹീനമായ നിലയിലായിരുന്നു. ഭക്ഷ്യവസ്തുക്കള്‍ ആവശ്യമായ താപനിലയിലും സുരക്ഷിതമായ രീതിയിലും സൂക്ഷിക്കാത്തതിനാല്‍ കേടുവരാന്‍ സാധ്യത വളരെ കൂടുതലായിരുന്നു. ഇതെല്ലാം പൊതുജനാരോഗ്യത്തിനും മനുഷ്യജീവിതത്തിനും ഗുരുതര ഭീഷണി ഉയര്‍ത്തുന്നതാണെന്നും ഭക്ഷ്യസുരക്ഷാവിഭാഗം വിലയിരുത്തി.

Food Safety and Standards Act, 2006, Licensing and Registration Regulations, Schedule 4 പ്രകാരം ഓരോ ഭക്ഷ്യസ്ഥാപനവും നിര്‍ബന്ധമായും പാലിക്കേണ്ട ശുചിത്വ-സുരക്ഷാ മാനദണ്ഡങ്ങള്‍ ഈ സ്ഥാപനത്തില്‍ പാലിക്കപ്പെടാത്തതായി പരിശോധനയില്‍ വ്യക്തമായി.

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നിരോധിതമായ സിന്തറ്റിക് ഫുഡ് കളര്‍ പാകം ചെയ്ത ഭക്ഷണത്തില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഈ സ്ഥാപനത്തിനെതിരെ മുന്‍പ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് കോടതിയുടെ പരിഗണനയിലാണ്. കൂടാതെ ഭക്ഷ്യസുരക്ഷാ നിയമം Section 55 പ്രകാരമുള്ള നടപടികളും നേരിടുന്നുണ്ട്.

മുന്‍പും നിയമനലംഘനങ്ങള്‍ക്ക് നടപടി നേരിട്ടശേഷവും നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. സ്ഥാപനം പൂര്‍ണമായും ശുചീകരിച്ച് നിയമാനുസൃതമായ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതായി ഉറപ്പുവരുത്തിയ ശേഷം ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെ അനുമതിയോടെ മാത്രമേ സ്ഥാപനം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.