തിരുവനന്തപുരം: സംസ്ഥാനത്തെ എം.ബി.ബി.എസ് വിദ്യാർഥികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് സർക്കാരിന്റെ നിർണായക ഉത്തരവ്. എം.ബി.ബി.എസ് കോഴ്സിന്റെ ട്യൂഷൻ ഫീസ് ഇനി മുതൽ നാലര വർഷത്തേക്ക് മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്ന് വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. നാഷണൽ മെഡിക്കൽ കമ്മിഷന്റെ (NMC) കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ അടിയന്തര നടപടി.

കോഴ്സിന്റെ യഥാർത്ഥ കാലയളവായ നാലര വർഷത്തെ ഫീസ് മാത്രം ഈടാക്കിക്കൊണ്ട് ഫീസ് റെഗുലേറ്ററി കമ്മിറ്റി പുതിയ ഫീസ് ഘടന പുതുക്കി നിശ്ചയിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

2024-ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ചട്ടപ്രകാരം എം.ബി.ബി.എസ് കോഴ്സിന്റെ അക്കാദമിക് കാലാവധി നാലര വർഷമാണ്. എന്നാൽ കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകൾ വിദ്യാർഥികളിൽ നിന്ന് അഞ്ച് വർഷത്തെ ഫീസ് ഈടാക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഇത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ലക്ഷക്കണക്കിന് രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയിരുന്നത്. ഇതിനാണ് ഇപ്പോൾ സർക്കാരിന്റെ പുതിയ ഉത്തരവിലൂടെ ശാശ്വത പരിഹാരമായിരിക്കുന്നത്.