കുറ്റ്യാടി: പൂജയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ക്ഷേത്രപൂജാരിക്ക് മൂന്ന് വര്‍ഷവും മൂന്നുമാസവും തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്‌സോ കോടതി. ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി സി.കെ.വിനോദന്‍ (52)നെയാണ് കോടതി ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ദേവന്‍.കെ.മേനോന്‍ ആണ് ശിക്ഷവിധിച്ചത്.
2024 സെപ്റ്റംബര്‍ മാസം ഇരുപതാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. പാലേരി വെങ്ങശ്ശേരി കാവ് അമ്പലത്തില്‍ പൂജയ്ക്ക് എത്തിയ പ്ലസ് ടു വിദ്യാര്‍ഥിനിയെയാണ് പൂജാമുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി ക്ഷേത്രത്തിലെ പൂജാരി ലൈംഗികമായി ഉപദ്രവിച്ചത്. സംഭവത്തെ തുടര്‍ന്ന് പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പേരാമ്പ്ര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.ഷമീര്‍, അസി.സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജ.സി എന്നിവരാണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 11 സാക്ഷികളെ വിസ്തരിക്കുകയും 14രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. എ.എസ്.ഐ.ഷാനി.പി. എം.പ്രോസിക്യൂഷന്‍ വിങ്ങ് ഏകോപിപ്പിച്ചു.