തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡിനിടെ പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. 

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി  ജഡ്ജി ടാനിയ മറിയം ജോസ് ആണ് ജാമ്യാപേക്ഷ തള്ളിയത്. ഇ.ഡി ഉദ്യോഗസ്ഥരെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പൊലിസുകാരെ വിജയ് ആക്രമിച്ചുവെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. വിജയ് യെ സ്വന്തം വീട്ടില്‍ നിന്നാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. 

സംഭവസ്ഥലത്ത് വിജയ് ഉണ്ടായിരുന്നുവെന്നും പൊലിസുകാരെ ആക്രമിച്ചതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതി വിജയ്‌യ്ക്ക് ജാമ്യം നിഷേധിച്ചത്.