തിരുവനന്തപുരം: ജൂൺ രണ്ടിന് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' വളരെ വലിയ വിജയമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലോക ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിൽ സ്റ്റുഡന്റ് കേഡറ്റ്‌സിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ പരിപാടികൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സിനിമാ മേഖലയിലും രാഷ്ട്രീയ മേഖലയിലും ഓപ്പറേഷൻ തൂഫാൻ വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
'കേരളത്തിലെ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സാണ് പദ്ധതിയുടെ ഭാഗമായി ആദ്യമായി രംഗത്തിറങ്ങിയ തൂഫാൻ വാരിയേഴ്‌സ്. പതിനേഴായിരത്തോളം സ്‌കൂളുകളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നിലവിൽ നടക്കുന്നുണ്ട്. വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ച് കുട്ടികളെ ഒരുമിച്ച് നിർത്തി ലഹരിക്കെതിരായി പോരാടുക എന്നതാണ് ലക്ഷ്യം.' അദ്ദേഹം പറഞ്ഞു.
സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിലും കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 'സിനിമാക്കാരാണെങ്കിലും രാഷ്ട്രീയക്കാരാണെങ്കിലും എല്ലാവർക്കും ഒരേ നിയമമാണ്. കാരവാനുകൾ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഡിജെ പാർട്ടികൾ എന്നിവിടങ്ങളിലെല്ലാം പരിശോധനയുണ്ടാവും. ഇത് അവസാനിപ്പിക്കണം എന്നാണ് അവരോടെല്ലാം പറയാനുള്ളത്.' മന്ത്രി വ്യക്തമാക്കി.
'ലഹരിക്ക് അടിമയായിപ്പോയവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരണം. അതിനുവേണ്ടി എക്‌സൈസ് വകുപ്പിന്റെ റീഹാബിലിറ്റേഷൻ സെന്ററുകളുമായും സംസ്ഥാനത്തെ നിരവധി ആശുപത്രികളുമായും ചേർന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയാണ് ആദ്യം സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നത്. അതുകൊണ്ടുതന്നെ അവിടെയാണ് 'തൂഫാൻ കെയർ' ആരംഭിച്ചത്.' അദ്ദേഹം പറഞ്ഞു.
ഡി-അഡിക്ഷൻ സെന്ററുകൾ വിട്ടുതരാമെന്ന് സന്നദ്ധത അറിയിച്ച് വിവിധ സ്ഥാപനങ്ങളും മതസംഘടനകളും മുന്നോട്ടുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവരും വിൽക്കുന്നവരും എത്രയും വേഗം അത് അവസാനിപ്പിക്കണമെന്നും പോലീസ് നിരന്തരം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നും ആഭ്യന്തരമന്ത്രി ഓർമിപ്പിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 21 ദിവസത്തിനിടെ 3,525 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3,788 പേരെ അറസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ട്