തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രതിനിധി സംഘം മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ പൊതു വികസനവും പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെയും മലബാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെയും ഉന്നമനവുമായി ബന്ധപ്പെട്ട ആവശ്യങ്ങളുമുന്നയിച്ചുള്ള വിശദമായ നിവേദനം നേതാക്കള്‍ മുഖ്യമന്ത്രിക്ക് കൈമാറി. 

സംസ്ഥാനത്ത് 'അറബിക് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് സര്‍വകലാശാല' അടിയന്തരമായി സ്ഥാപിക്കണമെന്നതാണ് പ്രധാന ആവശ്യമായി നിവേദനത്തില്‍ ഉന്നയിച്ചിട്ടുള്ളത്. ചെറിയ പെരുന്നാളിനും ബലി പെരുന്നാളിനും മൂന്ന് ദിവസം വീതം ഔദ്യോഗിക അവധി അനുവദിച്ച് സര്‍ക്കാര്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തണമെന്നും സംഘം ആവശ്യപ്പെട്ടു. സമസ്ത കേന്ദ്ര മുശാവറ യോഗം നിശ്ചയിച്ച വിവിധ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉള്‍പ്പെടുത്തിയത്. 

വര്‍ധിച്ചുവരുന്ന ജനസംഖ്യയും ഭരണപരമായ വെല്ലുവിളികളും പരിഗണിച്ച് തമിഴ്‌നാട് മാതൃകയില്‍ കേരളത്തിലും ശാസ്ത്രീയമായ രീതിയില്‍ ജില്ലകളുടെ പുനര്‍നിര്‍ണയം നടത്തണം. 40 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ഉള്‍പ്പെടെയുള്ള വലിയ ജില്ലകള്‍ വിഭജിച്ച് ഭരണം കാര്യക്ഷമമാക്കണം. ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും പുനര്‍നിർണയം അത്യന്താപേക്ഷിതമാണെന്ന് സമസ്ത ചൂണ്ടിക്കാട്ടി. 

പി.എം ശ്രീ പദ്ധതിയില്‍ വ്യാപകമായ പ്രതിഷേധമുള്ള സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യം കണക്കിലെടുത്തു മാത്രം നിലപാടെടുക്കുക. സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസം നിര്‍ത്തലാക്കിയ നടപടി പിന്‍വലിക്കുക. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ ഉപരിപഠന സൗകര്യം ഉറപ്പാക്കാന്‍ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും അധിക ബാച്ചുകളും അനുവദിക്കുക.  

ലഹരിവസ്തുക്കള്‍ സമ്പൂർണമായി നിരോധിക്കാന്‍ നടപടി സ്വീകരിക്കുക. സര്‍ക്കാരിന്റെ 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതോടൊപ്പം വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് വരുത്തിയ നടപടി പിന്‍വലിക്കുക.  കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ സ്മരണാര്‍ത്ഥം ഗവേഷണ കേന്ദ്രം സ്ഥാപിക്കുക.  പ്രവാസികളുടെ പുനരധിവാസവും യാത്രാ ചൂഷണവും പരിഹരിക്കുന്നതിനൊപ്പം നോര്‍ക്ക സമിതിയില്‍ സമസ്ത പ്രവാസി സെല്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തുക.

വെള്ളിയാഴ്ചകളില്‍ ജുമുഅ നിസ്‌കാരത്തിന് തടസമാകുന്ന രീതിയില്‍ പരീക്ഷകളും ക്ലാസുകളും നടത്തുന്നത് ഒഴിവാക്കാന്‍ ശാശ്വത പരിഹാരം കാണുക, സ്‌കൂള്‍ സമയമാറ്റ വിഷയത്തില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുക. ഹജ്ജ് കമ്മിറ്റി, വഖ്ഫ് ബോര്‍ഡ്, ന്യൂനപക്ഷ പിന്നോക്ക കോര്‍പറേഷന്‍, മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡ്, കരിക്കുലം കമ്മിറ്റി തുടങ്ങിയവയില്‍ സമസ്തയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നുള്ള ആവശ്യവും സമസ്ത സംഘം ഉന്നയിച്ചു.  

സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗങ്ങളായ ബി.കെ അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി ബംബ്രാണ, പി.കെ ഹംസക്കുട്ടി മുസ് ലിയാര്‍ ആദൃശ്ശേരി, ഇ.എസ് ഹസ്സന്‍ ഫൈസി, മുഹമ്മദ് ശരീഫ് ബാഖവി വേശാല, മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവരാണ് നിവേദനം സമര്‍പ്പിച്ചത്. പോഷക സംഘടനാ നേതാക്കളായ മുസ്തഫ മുണ്ടുപാറ, സുലൈമാന്‍ ദാരിമി ഏലംകുളം, കൊടക് അബ്ദുറഹിമാന്‍ മുസ് ലിയാര്‍, വി.കെ കുഞ്ഞഹമ്മദ് ഹാജി, ഹസന്‍ ആലംകോട് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

സമസ്തയുടെ ആവശ്യങ്ങള്‍ അനുഭാവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ നിശ്ചയിച്ച പ്രതിനിധി സംഘവുമായുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. മുസ്‌ലിം സമുദായത്തിന്റെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായ്ക്ക് അര്‍ഹമായ പരിഗണന ലഭ്യമാക്കുമെന്നും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ നിവേദനത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.