മനാമ;ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി നിലവിലുണ്ടായിരുന്ന ഇടക്കാല കരാർ അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ഇറാൻ ലക്ഷ്യമാക്കി വൻതോതിലുള്ള സൈനിക ആക്രമണം അഴിച്ചുവിട്ട് യുഎസ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള രാജ്യാന്തര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വാണിജ്യ-സിവിലിയൻ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ പ്രകോപനമില്ലാത്ത ആക്രമണങ്ങൾക്കുള്ള മറുപടിയാണ് ഇതെന്നും, വരും മണിക്കൂറുകളിൽ ആക്രമണം ഇതിലും ശക്തമാകുമെന്നും യുഎസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഇന്നലെ രാത്രിയോടെ ഇറാന്റെ തീരദേശ നഗരങ്ങളിലെല്ലാം വൻ സ്ഫോടന പരമ്പരകളാണ് അരങ്ങേറിയത്. കിഷ് ദ്വീപിന് മുകളിലൂടെ യുഎസ് യുദ്ധവിമാനങ്ങൾ വട്ടമിട്ടു പറന്നതായും ബന്ദർ അബ്ബാസ്, കൊണാറക്, ചബഹാർ, സിരിക്, ബൂഷെഹർ, അബൂമൂസ ദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ ബോംബാക്രമണം ഉണ്ടായതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായി തകർന്നു. ബന്ദർ അബ്ബാസിൽ മാത്രം എട്ട് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
റെവല്യൂഷണറി ഗാർഡ് താവളം ലക്ഷ്യമിട്ട് ഇറാൻഷഹറിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഇവിടുത്തെ വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ചബഹാർ തുറമുഖത്തെ സമുദ്ര ഗതാഗത നിയന്ത്രണ ടവറും വെയർഹൗസും തകർത്തതിന് പുറമേ, വടക്കുകിഴക്കൻ ഇറാനിലെ രണ്ട് പ്രധാന റെയിൽവേ പാലങ്ങളും യുഎസ് യുദ്ധവിമാനങ്ങൾ ബോംബിട്ട് തകർത്തു.
അതേസമയം, ചബഹാറിന് സമീപം അമേരിക്കയുടെ ആക്രമണങ്ങൾ തടഞ്ഞതായി ഇറാന്റെ വ്യോമ പ്രതിരോധ വിഭാഗം അവകാശപ്പെട്ടു. ചബഹാറിലെ ആക്രമണത്തിന് പിന്നാലെയുണ്ടായ തീപിടിത്തത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്, ഇറാന്റെ ഭാഗത്തുനിന്ന് ഇനിയും പ്രകോപനമുണ്ടായാൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നും അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഡോണൾഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ മുന്നറിയിപ്പ് നൽകി. എന്നാൽ, തങ്ങളുടെ റെയിൽവേ പാലങ്ങൾ തകർത്തതിന് അമേരിക്കയോട് കടുത്ത പ്രതികാരം ചെയ്യുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ വലിയ തോതിലുള്ള ആക്രമണം നടത്തുമെന്നാണ് ഇറാന്റെ സൈനിക വൃത്തങ്ങൾ നൽകുന്ന സൂചന. ട്രംപിന്റെ ഭീഷണികൾ കരുത്തിന്റെ അടയാളമല്ലെന്നും, വർഷങ്ങളായി പരാജയപ്പെട്ട നയങ്ങളുടെ തുടർച്ചയാണെന്നും വ്യക്തമാക്കിയ ഇറാൻ ഡെപ്യൂട്ടി വിദേശമന്ത്രി കാസിം ഗാരീബാബാദി, അമേരിക്കയ്ക്ക് ഇനി അവർക്ക് മനസ്സിലാകുന്ന ‘കരുത്തിന്റെ ഭാഷയിൽ’ തന്നെ മറുപടി നൽകുമെന്നും എക്സിലൂടെ പ്രതികരിച്ചു.