കോഴിക്കോട്: ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വടകര താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കടുത്ത സാധ്യതയെന്ന് മുന്നറിയിപ്പ്. വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി തുടങ്ങിയ പ്രദേശങ്ങളിൽ അപകടസാധ്യത റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, ഇവിടെയുള്ള ജനങ്ങളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി ഉത്തരവിട്ടു.
ജനങ്ങളെ സുരക്ഷിതമായി മാറ്റുന്നതിനും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമായി വടകര ആർ.ഡി.ഒയെ നോഡൽ ഓഫീസറായും വടകര തഹസിൽദാരെ അസിസ്റ്റന്റ് നോഡൽ ഓഫീസറായും ചുമതലപ്പെടുത്തിയിട്ടുണ്ട്.
പുഴയോരത്തുള്ളവരും ചരിവുകളിൽ താമസിക്കുന്നവരും മാറണം
വിലങ്ങാട് മലയോര മേഖലയിലെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അടിയന്തരമായി മാറണമെന്നാണ് നിർദേശം. പ്രത്യേകിച്ച്.
പുഴയോരങ്ങളിൽ താമസിക്കുന്നവർ
കുത്തനെയുള്ള മലഞ്ചരിവുകളിൽ ഉള്ളവർ
മുൻപ് ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾക്ക് സമീപം താമസിക്കുന്നവർ
തുടങ്ങിയ മുഴുവൻ ആളുകളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും. വാണിമേൽ, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് അധികൃതർ വടകര തഹസിൽദാർക്കൊപ്പം ചേർന്ന് പ്രദേശത്തെ സ്കൂളുകളോ മറ്റ് പൊതു കെട്ടിടങ്ങളോ കണ്ടെത്തി ക്യാമ്പുകൾ ഉടൻ സജ്ജമാക്കാൻ കളക്ടർ നിർദേശിച്ചു. ക്യാമ്പുകളിൽ കൃത്യമായ കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, ശുചിമുറി സൗകര്യങ്ങൾ, മെഡിക്കൽ സഹായം എന്നിവ ഉറപ്പാക്കും.
അപകട മേഖലകളിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ സുഗമമാക്കാനും, ക്യാമ്പുകൾക്കും ആളുകൾ ഒഴിഞ്ഞുപോയ വീടുകൾക്കും സുരക്ഷ നൽകാനും കോഴിക്കോട് റൂറൽ ജില്ലാ പൊലിസ് മേധാവിക്ക് നിർദേശം നൽകി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ടീമുകൾ ക്യാമ്പുകളിൽ നേരിട്ടെത്തി പരിശോധന നടത്തുകയും അടിയന്തിര മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യും.
അപകടസാധ്യത കണക്കിലെടുത്ത് വിലങ്ങാട് മേഖലയിലെ മലയോര റോഡുകളിലൂടെ രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെ അടിയന്തര ആവശ്യങ്ങൾക്കൊഴികെയുള്ള യാത്രകൾ പൂർണ്ണമായി നിരോധിച്ചു.
"അപകട മേഖലകളിലുള്ളവർ അധികൃതരുടെ നിർദേശങ്ങളോട് പൂർണമായി സഹകരിക്കണം. സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. ഔദ്യോഗിക മുന്നറിയിപ്പുകൾ മാത്രം ജനങ്ങൾ വിശ്വാസത്തിലെടുക്കുക." എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഉത്തരവുകൾ ലംഘിക്കുകയോ ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന രീതിയിൽ പ്രവർത്തിക്കുകയോ ചെയ്യുന്നവർക്കെതിരെ 2005-ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.