താമരശ്ശേരി: വെളിമണ്ണയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചിറ്റാരിക്കൽ ലക്ഷ്മി (65) യ്ക്കാണ് പരുക്കേറ്റത്.
ഇന്ന് വൈകീട്ട് 4.30 ഓടെയാണ് സംഭവം. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് ലക്ഷ്മിയെ കാട്ടുപന്നി ആക്രമിച്ചത്. പന്നി കുത്തി നിലത്തിട്ട് ഉരുട്ടിയതിനെ തുടർന്ന് കൈകാലുകൾക്ക് പരുക്കുണ്ട്. വയറിന് കഠിനമായ വേദനയുള്ളതിനാൽ ആന്തരിക രക്തസ്രാവത്തിന് സാധ്യതയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
ലക്ഷ്മിയെ ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
ഇന്നലെയും പ്രദേശത്ത് കൂട്ടമായി പന്നികളെ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. കാട്ടുപന്നി ശല്യം രൂക്ഷമായതിനാൽ അടിയന്തര നടപടി വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.