കോഴിക്കോട് : വടകരയിൽ രക്ഷിതാക്കളോടൊപ്പം കിടന്നുറങ്ങിയ രണ്ട് പെൺകുട്ടികളെ അർദ്ധരാത്രി വാടക വീട്ടിൽ നിന്ന് കാണാതായി. വടകരയ്ക്കടുത്ത് വില്ല്യാപ്പള്ളി മയ്യന്നൂരിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെയാണ് കാണാതായത്. മയ്യന്നൂർ പുത്തലത്ത് താഴകുനി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൊൽക്കത്ത സ്വദേശി സാബി ഷെയ്ക്കിന്റെ മകൾ നർഗീസ് ഖാത്തൂൻ (12), ഇയാളുടെ ഭാര്യയുടെ ബന്ധുവായ രശ്മി മോനി (16) എന്നിവരെയാണ് കാണാതായത്.

ഇന്നലെ പുലർച്ചെ ഒരു മണിക്കും ആറ് മണിക്കും ഇടയിലുള്ള സമയത്താണ് ഇവർ താമസിക്കുന്ന മയ്യന്നൂരിലെ വീട്ടിൽ നിന്നും കുട്ടികളെ കാണാതാകുന്നത്. വെസ്റ്റ് ബംഗാളിലെ ഹുഗ്ലി ജില്ലയിലെ പാണ്ടുവ സിംലാഗർ ചമ്പഹാത്തി സ്വദേശികളാണ് ഇവർ.

കുട്ടികളെ കാണാതായത് ശ്രദ്ധയിൽപ്പെട്ടതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത്  അന്വേഷണം ഉർജ്ജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. റെയിൽവെ പൊലീസിൻ്റെ സഹായവും തേടിയിട്ടുണ്ട്.

 കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അടിയന്തരമായി പോലീസിനെയോ രക്ഷിതാക്കളെയോ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു.