തെഹ്‌റാന്‍/കുവൈത്ത് സിറ്റി: അമേരിക്ക വെടിനിര്‍ത്തല്‍ ലംഘിച്ചെന്നാരോപിച്ച് ബഹ്‌റൈനിലെയും കുവൈത്തിലെയും 85 യു.എസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) അറിയിച്ചു. ആക്രമണത്തിനിടെ അമേരിക്കയുടെ എംക്യു9 റീപ്പര്‍ നിരീക്ഷണ ഡ്രോണ്‍ വെടിവെച്ചിട്ടതായും ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഇറാന്റെ അവകാശവാദങ്ങള്‍ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇറാന്റെ വാര്‍ത്താ ഏജന്‍സിയായ തസ്‌നീമാണ് ഐആര്‍ജിസിയുടെ പ്രസ്താവന പുറത്തുവിട്ടത്. അമേരിക്ക നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയായാണ് സൈനിക നടപടി സ്വീകരിച്ചതെന്ന് ഐആര്‍ജിസി വക്താവ് ഹുസൈന്‍ മുഹിബ്ബി പറഞ്ഞു.

അതേസമയം, രാജ്യത്തിനെതിരെ നടന്ന മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണെവ്വ് കുവൈത്ത് സൈന്യം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേട്ട സ്‌ഫോടനശബ്ദങ്ങള്‍ ശത്രു മിസൈലുകളും ഡ്രോണുകളും വിജയകരമായി തകര്‍ത്തതിന്റെ ഫലമാണെന്ന് സൈന്യം വ്യക്തമാക്കി. ജനങ്ങള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

ആക്രമണ ഭീഷണിയെ തുടര്‍ന്ന് കുവൈത്ത് മുഴുവന്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയും ഇതു സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ച് ആദ്യം വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നില്ലെങ്കിലും പിന്നീട് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തടഞ്ഞതായാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്.

ഇതിനിടെ, ഇറാന്റെ ബുഷെര്‍ പ്രവിശ്യയിലെ ഖോര്‍മുജ് മേഖലയ്ക്ക് മുകളില്‍ അമേരിക്കയുടെ എംക്യു9 റീപ്പര്‍ ഡ്രോണ്‍ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടതായി ഐആര്‍ജിസി അവകാശപ്പെട്ടു. അമേരിക്കന്‍ സൈന്യം തങ്ങളുടെ വ്യോമ മേഖലയില്‍ അതിക്രമിച്ച് കടന്നതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നാണ് ഇറാന്റെ വിശദീകരണം. എന്നാല്‍ ഡ്രോണ്‍ തകര്‍ന്നെന്ന അവകാശവാദം അമേരിക്ക ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സംഭവവികാസങ്ങള്‍ ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ബഹ്‌റൈനിലും കുവൈത്തിലുമുള്ള അമേരിക്കന്‍ സൈനിക താവളങ്ങളുടെ സുരക്ഷ ശക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്ക, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗിക പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല