പാലക്കുളം: ദേശീയപാതയില്‍ പാലക്കുളത്ത് കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ കാറിടിച്ച് അപകടം. പാലക്കുളം ബസ് സ്റ്റോപ്പിന് സമീപം ഇന്ന് പുലര്‍ച്ചെ 5.30ഓടെയായിരുന്നു സംഭവം.

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം ബസിന് ഉള്ളിലേക്ക് കയറിയ നിലയിലായിരുന്നു. മുന്നിലെ ലോക്ക് തുറക്കാനാകാത്തതിനാല്‍ കാര്‍ പൊളിച്ചാണ് നാട്ടുകാര്‍ യാത്രക്കാരെ പുറത്തെടുത്തത്.

ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരുടെയും പരിക്ക് സാരമല്ലെന്നാണ് പ്രാഥമിക വിവരം.