തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ കാർഡ് പുതുക്കുന്നതിനുള്ള ഫീസ് 10 രൂപയിൽ നിന്ന് 110 രൂപയായി വർധിപ്പിച്ചുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രചാരണമെന്നും അധികൃതർ അറിയിച്ചു.
പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡ് നൽകുന്നതിനും പുതുക്കുന്നതിനുമായി ഓരോ അധ്യയന വർഷാരംഭത്തിലും നേരത്തെ ആകെ 110 രൂപ ഈടാക്കിയിരുന്നു. ഇതിൽ 100 രൂപ പ്രോസസ്സിംഗ് ഫീസും, 10 രൂപ കാർഡിന്റെയും സ്റ്റേഷനറി സാമഗ്രികളുടെയും ചെലവുമായിരുന്നു.
നിലവിൽ ആർഎഫ്ഐഡി (RFID) അടിസ്ഥാനത്തിലുള്ള സ്മാർട്ട് കാർഡ് സംവിധാനത്തിലേക്ക് കെഎസ്ആർടിസി മാറിയതോടെ കാര്യങ്ങൾ കൂടുതൽ ലളിതമായിട്ടുണ്ട്. പേപ്പർ കാർഡുകൾക്ക് പകരം ആർഎഫ്ഐഡി സ്മാർട്ട് കാർഡുകൾ ഇപ്പോൾ സൗജന്യമായാണ് നൽകുന്നത്. പുതിയ കാർഡുകൾ നൽകേണ്ട സാഹചര്യമില്ലാത്തതിനാൽ മുമ്പ് ഈടാക്കിയിരുന്ന 10 രൂപയുടെ സ്റ്റേഷനറി ചാർജ് പൂർണമായും ഒഴിവാക്കി.
നിലവിൽ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളിൽ നിന്ന് 100 രൂപ പ്രോസസ്സിംഗ് ഫീസ് മാത്രമാണ് കൺസഷൻ പുതുക്കലിനായി ഈടാക്കുന്നത്. ചുരുക്കത്തിൽ, മുൻപ് ഈടാക്കിയിരുന്ന ആകെ 110 രൂപയിൽ നിന്ന് 100 രൂപയാക്കി തുക കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്.