ചിത്രദുർഗ: കർണാടക മന്ത്രിയും നാല് തവണ എംഎൽഎയുമായ ഡി. സുധാകർ (65) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ 3.15ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം.
2004ൽ കോൺഗ്രസ് ടിക്കറ്റിൽ ചല്ലക്കെരെയിൽ നിന്നാണ് സുധാകർ ആദ്യമായി എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. 2008ൽ കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ഹിരിയൂരിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. ബി.എസ് യെദ്യുരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹം സാമൂഹികക്ഷേമ മന്ത്രിയുമായി.
2013ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് സുധാകർ വീണ്ടും ജയിച്ചു. 2018ൽ ബിജെപിയുടെ പൂർണിമ ശ്രീനിവാസിനോട് പരാജയപ്പെട്ടു. 2023ൽ കോൺഗ്രസിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാണ് സ്റ്റാറ്റിസ്റ്റിക്സ്, പ്ലാനിങ് വകുപ്പ് മന്ത്രിയായത്.