മലപ്പുറം : ഫോണിൽ സമയം ചെലവഴിക്കുന്നതിനുള്ള വിരോധത്താൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. എളങ്കൂർ നിരന്നപറമ്പ് അയ്യപ്പൻകുളം വീട്ടിൽ ശേഖരനെ (60)യാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി 1 ജഡ്ജി എൻ വിനോദ് കുമാർ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവനുഭവിക്കണം. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

അതിജീവിതയ്ക്ക് പിഴത്തുകയിൽ 50,000 രൂപയും വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം കൂടുതൽ നഷ്ട പരിഹാരവും നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദേശിച്ചു.

2023 ഫെബ്രുവരി 29നാണ് കേസിനാസ്പദമായ സംഭവം. തൃക്കലങ്ങോട് വരട്ടുചോലക്കുണ്ടിലെ വീട്ടിലെ കിടപ്പുമുറിയിൽ വച്ച് പുലർച്ചെ നാലിനാണ് പ്രതി അരിവാളുകൊണ്ട് ഭാര്യയുടെ കഴുത്തിന് വെട്ടിയത്.