നിർണായക തെളിവ് എലി കൊണ്ടുപോയത് തലശ്ശേരി ഫസൽ വധക്കേസിൽ തിരിച്ചടിയാകില്ലെന്ന് സിബിഐ. ഇന്നലെ വാദത്തിനിടെയാണ് എറണാകുളം സി.ജെ.എം കോടതിയിൽ സൂക്ഷിച്ചിരുന്ന രക്തംപുരണ്ട തൂവാല എലി കൊണ്ടുപോയതായി വ്യക്തമായത്. ഫൊറൻസിക് റിപ്പോർട്ട് തെളിവായി കോടതി അംഗീകരിച്ചതിനാൽ തൂവാല നഷ്ടപ്പെട്ടത് പ്രശ്നമല്ലെന്നാണ് സിബിഐ നിലപാട്.

തലശ്ശേരി ഫസൽ വധക്കേസിലെ നിർണായക തെളിവാണ് രക്തംപുരണ്ട തൂവാല. ധർമ്മടം - അണ്ടല്ലൂർ ഭാഗത്ത് ആർഎസ്എസ് പ്രവർത്തകരുടെ വീടിനു സമീപത്തെ റോഡിൽ നിന്നാണ് തൂവാല ലഭിച്ചത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആർഎസ്എസ് പ്രവർത്തകരിലേക്ക് എത്തിക്കാനായി ഗൂഡാലോചന നടത്തിയതിന്റെ നിർണായക തെളിവാണ് രക്തംപുരണ്ട തൂവാല എന്നാണ് സിബിഐ വാദം. ഇതിനായി കേസിലെ പ്രതികൾ തൂവാല ഇവിടെ കൊണ്ട് ഇടുകയായിരുന്നുവെന്നും സിബിഐ വാദിച്ചിരുന്നു. മെയ് 12ന് ഹർജി പരിഗണിക്കവെ തൊണ്ടിമുതലായ ഈ തൂവാല ഹാജരാക്കാൻ സിബിഐ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എറണാകുളം സി.ജെ.എം കോടതിയിൽ സൂക്ഷിച്ചിരുന്ന തൂവാലയടങ്ങിയ സീൽ വച്ച കവർ കോടതിയിലെത്തിച്ചു.