കൊച്ചി: മുനമ്പം വിഷയത്തിൽ സംസ്ഥാനത്തിന്റെ മതേതരത്വം നശിപ്പിക്കുന്ന നിലപാടെടുത്ത വഖഫ് ബോർഡിനെ അടിയന്തരമായി പിരിച്ചുവിടണമെന്ന് മുനമ്പം സമരസമിതി. എറണാകുളം ഡി.സി.സി. പ്രസിഡന്റും എം.എൽ.എ.യുമായ മുഹമ്മദ് ഷിയാസുമായുള്ള കൂടിക്കാഴ്ചയിലാണ് സമരസമതി ഈ ആവശ്യം ഉന്നയിച്ചത്.
മുനമ്പം ഭൂമി വഖഫ് സ്വത്തായി വഖഫ് ബോർഡ് ഉമീദ് പോർട്ടലിൽ രജിസ്റ്റർചെയ്ത വിവരം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. വഖഫ് സ്വത്തുക്കളെല്ലാം ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന കേന്ദ്ര നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ വ്യക്തമാക്കിയിരുന്നു. വഖഫ് ബോർഡിന്റേത് നിയമവിരുദ്ധമായ നടപടിയാണെന്ന് മുഹമ്മദ് ഷിയാസുമായുള്ള ചർച്ചയിൽ സമരസമിതി നേതാക്കൾ പറഞ്ഞു.
സുപ്രീംകോടതിപോലും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് പറഞ്ഞിട്ടില്ല. മുനമ്പത്തുകാർ കരമടയ്ക്കുന്ന ഭൂമിയാണിത്. ഒരുകാരണവശാലും ഉമീദ് പോർട്ടലിൽ ഇത് ചേർക്കാൻ പറ്റില്ല.
മുനമ്പം വിഷയത്തിൽ കാര്യങ്ങൾ പഠിച്ച് ഇത് വഖഫ് ഭൂമിയല്ലെന്ന് ആദ്യമായി പറഞ്ഞത് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനാണ്. അദ്ദേഹം മുഖ്യമന്ത്രിയായി വന്നപ്പോൾ ഏറെ പ്രതീക്ഷയോടെ പ്രശ്‌നപരിഹാരത്തിനായി കാത്തിരിക്കുമ്പോഴാണ് വഖഫ് ബോർഡിന്റെ ഈ കാടൻ നീതിയെന്ന് സമരസമിതിക്കാർ പറഞ്ഞു.
മുഖ്യമന്ത്രി വാക്ക് മാറ്റിയിട്ടില്ല. ജൂൺ അവസാനത്തോടെ പ്രശ്‌നം പരിഹരിക്കുമെന്നാണ് കരുതുന്നത്. ഇതിനായി ഈ ആഴ്ചതന്നെ മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
വഖഫ് ബോർഡിന്റെ നടപടിക്ക് നിയമസാധുതയില്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. മുഖ്യമന്ത്രി കൃത്യമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സാങ്കേതികവശങ്ങൾ പരിശോധിച്ച്, നിയമപരമായ നടപടികൾ സ്വീകരിക്കും. മുനമ്പത്തുകാർക്ക് പരിപൂർണ അവകാശം ഭൂമിയിൽ നൽകുന്ന നടപടികൾ ഉണ്ടാകും.
ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാ. ആന്റണി സേവ്യർ തറയിൽ, ചെയർമാൻ ജോസഫ് റോക്കി പാലയ്ക്കൽ, കൺവീനർ ജോസഫ് ബെന്നി കുറുപ്പുശ്ശേരി എന്നിവരാണ് കൂടിക്കാഴ്ചയ്‌ക്കെത്തിയത്.