കോഴിക്കോട്: സംസ്ഥാനത്ത് സിഎന്‍ജി (CNG) വില വീണ്ടും ഉയര്‍ത്തി. കിലോയ്ക്ക് 1.50 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ കേരളത്തില്‍ ഒരു കിലോ സിഎന്‍ജിയുടെ വില 101 രൂപയിലെത്തി. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളെ തുടര്‍ന്ന് നേരത്തെയും സിഎന്‍ജി വില പലതവണ കൂട്ടിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സാധാരണക്കാര്‍ക്ക് ഇരട്ടപ്രഹരമായി പുതിയ വിലവര്‍ധനവ് വന്നിരിക്കുന്നത്.
പെട്രോള്‍, ഡീസല്‍ വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാന്‍ സിഎന്‍ജി വാഹനങ്ങളിലേക്ക് മാറിയ ലക്ഷക്കണക്കിന് വരുന്ന സ്വകാര്യവാണിജ്യ വാഹന ഉടമകളെയും ഡ്രൈവര്‍മാരെയും ഈ തീരുമാനം വലിയ പ്രതിസന്ധിയിലാക്കും. ജൂലൈ 20ന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെ, രാജ്യത്ത് ഇന്ധനവില കുറച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.
പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ ഘട്ടത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 120 ഡോളറിന് മുകളില്‍ ഉയര്‍ന്നപ്പോള്‍ രാജ്യത്ത് ഇന്ധനവില വന്‍തോതില്‍ കൂട്ടിയിരുന്നു. എന്നാല്‍ പിന്നീട് എണ്ണവില ബാരലിന് 70 ഡോളറില്‍ താഴെയെത്തിയിട്ടും വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറാകാത്തതിനെതിരെ വലിയ ജനരോഷം ഉയരുന്നുണ്ട്.