തിരുവനന്തപുരം: ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നുപ്രവർത്തിക്കണമെന്ന് എല്ലാം ഘടകകക്ഷികളോടും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഇതിനായി സർക്കാരിന്റെ തീരുമാനത്തിൽ മുൻഗണന നൽകേണ്ട കാര്യങ്ങൾ നിർദേശിക്കണമെന്നും യു.ഡി.എഫ്. യോഗത്തിൽ സതീശൻ പറഞ്ഞു.

ശനിയാഴ്ചതന്നെ ഓരോ കക്ഷികളും നിർദേശങ്ങൾ രേഖാമൂലം നൽകണം. മന്ത്രിമാരുടെ ചർച്ചയ്ക്ക് എല്ലാനേതാക്കളും ശനിയാഴ്ച കന്റോൺമെന്റ് ഹൗസിൽ എത്തുന്നുണ്ട്. ഈ ഘട്ടത്തിൽത്തന്നെ കാര്യങ്ങൾ നിർദേശിക്കാനാണ് ആവശ്യം.

യു.ഡി.എഫ്. പ്രഖ്യാപിച്ച അഞ്ച് ഗാരന്റികൾ നടപ്പാക്കുക എന്നതായിരിക്കും പ്രധാന അജൻഡ. കെ.എസ്.ആർ.ടി.സി. ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുമെന്ന വാഗ്ദാനം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയും പ്രതിപക്ഷത്തിന്റെ വിമർശനവും ഒരുപോലെ ഉണ്ടാക്കിയതാണ്. ഇതടക്കമുള്ള ഗാരന്റി നടപ്പാക്കുന്നതിന് എടുക്കേണ്ട നടപടികളാണ് ഘടകകക്ഷികൾ നിർദേശിക്കേണ്ടത്.

മേയ് 29-ന് നയപ്രഖ്യാപനം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. അതിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന കാര്യവും ഘടകകക്ഷികൾ നിർദേശിക്കും. സർക്കാരിന്റെ പുതുയുഗ രീതി പ്രകടിപ്പിക്കുന്നതാകണം നയപ്രഖ്യാപനമെന്ന അഭിപ്രായം പൊതുവേ നേതാക്കളിലുണ്ട്.ജൂൺ അഞ്ചിന് തിരുത്തൽ ബജറ്റും അവതരിപ്പിക്കും. ഇതിൽ ജനപ്രിയ പ്രഖ്യാപനത്തിന്റെ തുടക്കമുണ്ടാകണമെന്നാണ് പൊതുധാരണ.

യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ആശപ്രവർത്തകരുടെ ഓണറേറിയം വർധിപ്പിക്കാനുള്ള തീരുമാനം ആദ്യമന്ത്രിസഭായോഗത്തിലുണ്ടാകുമെന്ന് വി.ഡി. സതീശൻ പ്രഖ്യാപിച്ചതാണ്. റബ്ബറിന്റെ താങ്ങുവില ഉയർത്തുന്ന തീരുമാനം തുടക്കത്തിലുണ്ടാകുമെന്ന് രാഹുൽഗാന്ധിയും പ്രഖ്യാപിച്ചതാണ്.

‘രക്ഷാപ്രവർത്തനം’ നടത്തിയ പോലീസുകാർക്കെതിരേ നടപടിയുണ്ടാകണമെന്ന സമ്മർദമുണ്ട്. പി.ആർ.ഡി.യെ രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാകണമെന്ന വികാരവും ശക്തമാണ്. ഇതെല്ലാം സർക്കാർ രൂപവത്കരണത്തിന് പിന്നാലെയുണ്ടാകുമെന്നാണ് സൂചന.