കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണായക തെളിവ് കിട്ടിയെന്ന് സൂചന. കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചയാളെ കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. വടകര സ്ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിലെ അഡ്മിൻമാരെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ കിട്ടിയത്.

'കടത്തുനാട് സഖാക്കൾ' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലും 'ബാവുപ്പാറ സഖാക്കൾ' എന്ന ഫേസ്ബുക്ക് പേജിലും ആദ്യഘട്ടത്തിൽ തന്നെ സ്ക്രീൻഷോട്ട് പ്രചരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. വ്യാജ സ്ക്രീൻഷോട്ട് നിർമാണം സംബന്ധിച്ച കൂടുതൽ തെളിവ് ശേഖരിക്കാനുള്ള നീക്കത്തിലാണ് എസ്ഐടിയുള്ളതെന്നാണ് റിപ്പോർട്ടുകൾ. കേസിൽ ചോദ്യം ചെയ്യാനായി കൂടുതൽ പേർക്ക് എസ്ഐടി നോട്ടീസ് നൽകിയിട്ടുണ്ട്.

വടകര ക്രൈംബ്രാഞ്ച് ഓഫീസിൽ ഡിവൈഎസ്പി മനോഹരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. നേരത്തെ റിബേഷ് രാമകൃഷ്ണൻ 'റെഡ് എൻകൗണ്ടർ' എന്ന ഗ്രൂപ്പിലാണ് ഈ സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തതെന്നായിരുന്നു മുൻ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ നിലവിലെ പ്രത്യേക അന്വേഷണ സംഘം റിബേഷ് ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ്, ഇവർക്കെല്ലാം വടകര സ്ക്വാഡ് എന്ന ഗ്രൂപ്പിൽ നിന്നാണ് ഈ സന്ദേശം ലഭിച്ചതെന്ന് വ്യക്തമായത്. ഈ ഗ്രൂപ്പിൽ സന്ദേശം പോസ്റ്റ് ചെയ്ത ജിതിൻ ഭാസ്കറിനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.