തുടര്‍ച്ചയായ മൂല്യത്തകര്‍ച്ചയ്ക്കിടെ രൂപയ്ക്ക് നേരിയ ആശ്വാസം. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള് മൂല്യത്തില്‍ 61 പൈസയുടെ വര്‍ധനയുണ്ടായി. നിലവില്‍ 96.33 എന്ന നിലയിലാണ് രൂപ. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട ശേഷമാണ് കരകയറുന്നത്. റിസര്‍വ് ബാങ്ക് ഡോളറുകള്‍ വിറ്റഴിച്ചതാണ് രൂപയ്ക്കു നേട്ടമായത്. ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ കുറവും ഗുണംചെയ്തു.

അതേസമയം, പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്ക്കു പുറമേ  രൂപയുടെ മൂല്യത്തകര്‍ച്ചയും രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കുമെന്ന് ആശങ്ക. നിത്യോപയോഗ സാധനങ്ങള്‍ക്കും ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്കും വിലകൂടും.  വിദേശനാണ്യ വിനിമയത്തിലെ  തിരിച്ചടി സര്‍ക്കാരിനെയും ധനകാര്യ സ്ഥാപനങ്ങളെയും ബാധിക്കും.

പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഹോര്‍മൂസിലെ പ്രതിസന്ധിയുമാണ് ഡോളറിനെതിരെ ഇന്ത്യന്‍  രൂപയുടെ തുടര്‍ച്ചയായ തകര്‍ച്ചയ്ക്ക് പ്രധാന കാരണം.  യു.എസ് – ഇറാന്‍ യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ ആറു ശതമാനം മുല്യമിടിഞ്ഞു. ഇന്നലെ രാവിലെ മൂല്യം 96.9 എന്ന നിലയിലേക്ക് കൂപ്പുകുത്തി.  രൂപയുടെ തകര്‍ച്ച തുടര്‍ന്നാല്‍ പ്രത്യാഘാതം ജനജീവിതത്തെ ബാധിക്കും.  

അവശ്യവസ്തുക്കളുടെ വിലക്കയറ്റമാണ് സാധാരണക്കാര്‍ക്ക് ഭീഷണി.  ക്രൂഡോയിലിന്‍റെ വില കൂടുന്നതുകാരണം ഇന്ധന വില വര്‍ധിക്കുന്നതിനാല്‍ പച്ചക്കറിക്കുള്‍പ്പെടെ വിലക്കയറ്റം രൂക്ഷമാകും.  ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കള്‍, ഭക്ഷ്യോത്പന്നങ്ങള്‍, ഇലക്ട്രോണിക്സ്, സ്വര്‍ണം തുടങ്ങിയവയുടെ വിലയൂം കൂടും.   പ്രതിസന്ധി രൂക്ഷമാകാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ഇറക്കുമതി സാധനങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.  രാജ്യത്തെ ഉല്‍പാദന മേഖലയെ ബാധിക്കാത്ത തരത്തില്‍ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

രൂപയുടെ മൂല്യമിടിഞ്ഞാല്‍ വിദേശ യാത്ര, വിദേശ പഠനം എന്നിവയ്ക്കും ചെലവുകൂടും.  വിദേശ വായ്പകളുടെ തിരിച്ചടവ് ചെലവ് വര്‍ധിക്കുന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെയും സ്ഥാപനങ്ങളെയും ബാധിക്കും.