കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശിയായ 43-കാരൻ രോഗമുക്തി നേടി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. ആരോഗ്യനില പൂർണമായും മെച്ചപ്പെട്ടതിനാൽ അടുത്ത ദിവസങ്ങളിൽ ആശുപത്രി വിടുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാസം 11-നാണ് ഗുരുതരാവസ്ഥയിൽ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജിലെയും പൂനയിലെ എൻ.ഐ.വി.യിലെയും പരിശോധനാ ഫലങ്ങളിൽ നിപ സ്ഥിരീകരിച്ചതോടെയാണ് പ്രത്യേക ചികിത്സയും നിരീക്ഷണവും ആരംഭിച്ചത്. ആഴ്ചകളോളം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് രോഗമുക്തി നേടിയത്.