എറണാകുളം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ശേഖരിച്ച സുപ്രധാന രേഖകളും വിവരങ്ങളും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഇഡി ഇതിനായി ഹരജി സമർപ്പിച്ചിരിക്കുന്നത്.

ഇന്ന് ഹരജി പരിഗണിച്ച കോടതി, ഇഡിയുടെയും എതിർഭാഗത്തിന്റെയും പ്രാഥമിക വാദങ്ങൾ കേട്ടു. വിശദമായ വാദം കേൾക്കുന്നതിനും തീരുമാനമെടുക്കുന്നതിനുമായി ഹരജി പിന്നീട് പരിഗണിക്കാൻ കോടതി മാറ്റിവെച്ചിരിക്കുകയാണ്. കേസിൽ നിർണായകമാകുന്ന നൂറിലധികം രേഖകളുടെ വിശദാംശങ്ങൾ വിട്ടുകിട്ടണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.

എസ്‌എഫ്‌ഐഒ തയ്യാറാക്കിയ കുറ്റപത്രത്തിലെ വിവരങ്ങളുടെയും അവർ ശേഖരിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് ഇഡിയുടെ ശ്രമം. സിഎംആർഎല്ലും എക്‌സാലോജിക്കും ഉൾപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി നടത്തുന്ന അന്വേഷണത്തിന് ഈ രേഖകൾ നിർണായകമാണ്. എസ്‌എഫ്‌ഐഒയുടെ കണ്ടെത്തലുകളുടെ ചുവടുപിടിച്ച് തുടർനടപടികളിലേക്ക് കടക്കാനാണ് ഏജൻസി ലക്ഷ്യമിടുന്നത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഇഡിയുടെ ഉന്നതതല യോഗത്തിലാണ് കോടതിയെ സമീപിച്ച് രേഖകൾ ഔദ്യോഗികമായി ആവശ്യപ്പെടാൻ തീരുമാനമെടുത്തത്. ഇഡി ഡയറക്ടർ രാഹുൽ നവീൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. മാസപ്പടി കേസിൽ ഇഡിക്ക് അന്വേഷണം തുടരാമെന്നും, അന്വേഷണം തടയണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും അടുത്തിടെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ അനുകൂല വിധിയുടെ പശ്ചാത്തലത്തിലാണ് അന്വേഷണ ഏജൻസി നടപടികൾ വേഗത്തിലാക്കുന്നത്.