പത്തനംതിട്ട: ശബരിമലയിൽ എസ്ഐടിയുടെ നിർണായക പരിശോധന അൽപ്പസമയത്തിനകം ആരംഭിക്കും. മിഥുന മാസ പൂജകൾക്കായി നടതുറന്നതിന് ശേഷമാണ് പരിശോധന ആരംഭിക്കുക. പ്രഭാമണ്ഡലവും കട്ടിളപ്പാളിയും താഴത്തെ ഭാഗവുമാണ് ഇളക്കി പരിശോധിക്കുന്നത്.
ശ്രീകോവിലിന് മുന്നിലുള്ള പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴ്ഭാഗവും ഏപ്രിലിൽ നടന്ന പരിശോധനയിൽ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അത് ഒഴിവാക്കിയിരുന്നു. പ്രഭാമണ്ഡലത്തിൽ നിന്ന് സ്വർണം കവർച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഈ പരിശോധന നടക്കുന്നത്. അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണിത്.
മിഥുന മാസ പൂജകൾക്കായി നട തുറന്ന സാഹചര്യത്തിലാണ് എസ്ഐടി സംഘം സന്നിധാനത്തെത്തിയത്. വിശ്വാസപരമായ കാര്യങ്ങളാൽ പ്രഭാമണ്ഡലം കൂടുതൽ സമയം മാറ്റിവെക്കാൻ സാധിക്കാത്തതിനാൽ അത് അഴിച്ചെടുത്ത് പരിശോധന പൂർത്തിയാക്കി നട അടക്കുന്നതിന് മുൻപ് തന്നെ തിരികെ പ്രതിഷ്ഠിക്കേണ്ടതുണ്ട്.
പരിശോധനകൾ ഇന്നും നാളെയുമായി പൂർത്തിയാക്കി, എത്രയും വേഗം കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്ഐടിയുടെ ലക്ഷ്യം. നേരത്തേ, പലതവണ സമയം നീട്ടി ചോദിച്ചിരുന്നതിനാൽ ഇത്തവണ റിപ്പോർട്ട് നൽകാൻ കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.