കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധി പ്രസ്താവനയ്ക്ക് പിന്നാലെ ജഡ്ജി ഹണി എം. വര്‍ഗീസിനെതിരെ വീണ്ടും കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി മിനി. കേസിന്റെ വിചാരണയും മെമ്മറി കാര്‍ഡ് വിവാദവുമെല്ലാം ഒടുവില്‍ ഒരു 'കോക്രോച്ച് പാര്‍ട്ടി' പോലെയാണ് അവസാനിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അവര്‍ കുറിച്ചു.

താന്‍ നല്‍കിയ പരാതി പരിഗണിക്കാന്‍ പോലും ഹൈക്കോടതി തയ്യാറായില്ലെന്ന് ടി.ബി മിനി ആരോപിക്കുന്നു. ടി.ബി മിനിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രധാന വിവരങ്ങള്‍ 'ഡെക്കോറത്തിലിരുന്ന് പച്ചക്കള്ളം പറഞ്ഞു'- ജില്ലാ ജഡ്ജി ഹണി എം. വര്‍ഗീസ് പച്ചക്കള്ളമാണ് പറഞ്ഞതെന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും അതിനെതിരെ ഒരു അന്വേഷണമോ വാദം കേള്‍ക്കലോ ഉണ്ടായില്ല.

'വക്കീല്‍ വെറും പുഴു'- ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിട്ടും പരാതിക്കാരിയെ കേള്‍ക്കാന്‍ പോലും കോടതി തയ്യാറായില്ല. കോടതികളുടെ കണ്ണില്‍ വക്കീല്‍ വെറും പുഴുവും കൂറയുമാണ്.

ജനങ്ങളാണ് നിയമനിര്‍മ്മാതാക്കള്‍- ആരും നിയമത്തിന് മുകളിലല്ലെന്ന ഓര്‍മ്മ വേണം. നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് ജനങ്ങളാണ്. ഒരു രക്തസാക്ഷിയില്‍ നിന്ന് ഒരായിരം പേര്‍ ഇനിയും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും അവര്‍ കുറിച്ചു.

ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനുമതിയില്ലാതെ തുറന്നു പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപോര്‍ട്ടിനെതിരെ അതിജീവിത നിലവില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. എറണാകുളം സെഷന്‍സ് കോടതി ജഡ്ജി സമര്‍പ്പിച്ച റിപോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്നാണ് ഹരജിയിലെ വാദം.