കോഴിക്കോട് : മാവൂർറോഡിൽ യുവാവിനെ കുത്തിക്കൊന്നത് പണമിടപാടുമായി ബന്ധപ്പെട്ട വാക്തർക്കത്തെത്തുടർന്നെന്ന് പോലീസ്. കേസിൽ രണ്ടുപേരെ അറസ്റ്റുചെയ്തു. മറ്റൊരാൾ ഒളിവിലാണ്. കൊല്ലം കരുനാഗപ്പള്ളി ശങ്കരമംഗലം സ്വദേശി നജീബ് മൻസിലിൽ എൻ. നജീബ് (31), പങ്കാളി അരക്കിണർ ചാക്കേരിക്കാട് പറമ്പ് മെജസ്റ്റിക് പാലസിൽ നൗഷിദ (28) എന്നിവരാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. 

വെള്ളിയാഴ്ച രാത്രി 8.47-ന് മാവൂർറോഡിലാണ് സംഭവം. ബേപ്പൂർ നടുവട്ടം സ്വദേശി ജെസ്സി വില്ലയിൽ ആദിൽ റോഷനെ(39) യാണ് കുത്തിക്കൊന്നത്. നജീബിന്റെ ആവശ്യപ്രകാരം വീട്ടിലുള്ള കത്തി കൊണ്ടുവന്നത് നൗഷിദയാണെന്ന് പോലീസ് പറഞ്ഞു. ഇരുവർക്കുമൊപ്പമുണ്ടായിരുന്ന നല്ലളം സ്വദേശിയായ മുപ്പതുകാരനായുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. നജീബിൽനിന്ന്‌ 10,000 രൂപ ആദിൽ വാങ്ങിയിരുന്നു. അതിൽ 5000 രൂപ തിരിച്ചുകൊടുക്കാനുണ്ട്. ഇത് നൽകാത്തതിലും ഭാര്യയോട് മോശമായി സംസാരിച്ചതിലുള്ള വിരോധംകൊണ്ടുമാണ് ആദിലിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. നടക്കാവ് എസ്.ഐ. എൻ. ലീലയാണ് ഇരുവരെയും അറസ്റ്റുചെയ്തത്.