പാലക്കാട്: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ മാറ്റം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. സ്കൂൾ സിലബസിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും, പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നു മുതൽ 11 വരെയുള്ള ക്ലാസുകളിലെ സിലബസ് പരിഷ്കരണം കഴിഞ്ഞ തവണ പൂർത്തിയായതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തവണ 12-ാം ക്ലാസിലെ കൂടി പരിഷ്കരണം വരുന്നതോടെ ഒരു ഘട്ടം പൂർത്തിയാകും. എന്നാൽ സിലബസ് ഒന്നുകൂടി കാലോചിതമാകണമെന്ന അഭിപ്രായമുണ്ട്. അതിനാൽ അക്കാദമിക സമൂഹവുമായി കൃത്യമായ ചർച്ചകൾ നടത്തിയ ശേഷം സിലബസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും വലിയ വെല്ലുവിളിയായ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ കൃത്യമായ പദ്ധതികളുണ്ടെന്ന് മന്ത്രി പറഞ്ഞു. മുൻ വർഷങ്ങളിൽ പ്രവേശന നടപടികളുടെ അവസാന ഘട്ടത്തിലായിരുന്നു അഡീഷണൽ ബാച്ചുകളും മാർജിനൽ ഇൻക്രീസും അനുവദിച്ചിരുന്നത്. എന്നാൽ ഇത്തവണ ലഭ്യമായ എല്ലാ സീറ്റുകളും ആദ്യഘട്ടത്തിൽ തന്നെ നൽകിയിട്ടുണ്ട്.

കൂടാതെ, റവന്യൂ ജില്ല തിരിച്ചുള്ള സീറ്റ് വിതരണത്തിന് പകരം 'വിദ്യാഭ്യാസ ജില്ല' അടിസ്ഥാനമാക്കിയുള്ള പുതിയ മാനദണ്ഡം കൊണ്ടുവരും. ജില്ലകളെ ഒറ്റ യൂണിറ്റായി കണക്കാക്കുമ്പോൾ, അട്ടപ്പാടിയിലെയോ നിലമ്പൂരിലെയോ വിദ്യാർഥികൾക്ക് ദൂരെയുള്ള സ്കൂളുകളിൽ സീറ്റ് ലഭിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ഇതൊഴിവാക്കാൻ, ഒരു വിദ്യാഭ്യാസ ജില്ലയിൽ എത്ര കുട്ടികൾ എസ്എസ്എൽസി പാസാകുന്നുണ്ടോ അത്രയും പ്ലസ് വൺ സീറ്റുകൾ ആ വിദ്യാഭ്യാസ ജില്ലയിൽ തന്നെ ഉറപ്പാക്കുന്ന രീതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.