കോഴിക്കോട്: പന്തീരാങ്കാവ് ദേശീയപാത ബൈപാസിൽ ഒളവണ്ണ ടോൾ പ്ലാസയിൽ ടോൾ നൽകാതെ പലവട്ടം വെട്ടിച്ച് കടന്ന കാർ പൊലീസ് പിടികൂടി. ടോൾ പ്ലാസ അധികൃതരുടെ പരാതിയിലാണു നടപടി. കാർ യാത്രക്കാരെ അറസ്റ്റ് ചെയ്യുമെന്നും ഉടമസ്ഥത സംബന്ധിച്ചു വ്യക്തതയില്ലെന്നും പൊലീസ് പറഞ്ഞു.
ടോൾ നൽകാതെ ഒട്ടേറെത്തവണ വെട്ടിച്ചു കടക്കുകയും ടോൾ പ്ലാസ ജീവനക്കാർക്കു നേരെ ഓടിച്ചു കയറ്റാൻ നോക്കുകയും ചെയ്ത ഹരിയാന റജിസ്ട്രേഷനുള്ള കാറാണു പൊലീസ് പിടികൂടിയത്. 40 ലക്ഷം രൂപ വില വരുന്ന കാർ ഒട്ടേറെത്തവണ ടോൾ നൽകാതെ ബൂം ബാരിയർ തട്ടിത്തെറിപ്പിച്ച് കടന്നുപോയിരുന്നു. ടോൾ വാങ്ങാൻ ശ്രമിച്ച ജീവനക്കാർക്കു നേരെ കാർ ഓടിച്ചു കയറ്റാനും ശ്രമിച്ചു.
ടോൾ പ്ലാസ അധികൃതർ സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതിയിലാണു ട്രാഫിക് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹനത്തിന്റെ റജിസ്ട്രേഷൻ മാറ്റുന്നതിനു നന്മണ്ട സബ് ആർടി ഓഫിസിലേക്കാണ് എൻഒസി നൽകിയിരിക്കുന്നത്.
എന്നാൽ, എൻഒസി എടുത്തയാൾക്ക് വാഹനവുമായി ബന്ധമില്ലെന്നു പൊലീസ് കണ്ടെത്തി. തുടർന്ന് ഉടമകളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. കാറിലുണ്ടായിരുന്ന യാത്രക്കാരോടു ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകി.