തിരുവനന്തപുരം:പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ വീണ്ടും സജീവമാക്കി കോൺഗ്രസ്. കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഇന്ന് തിരുവനന്തപുരത്ത് നേതാക്കളുമായി ചർച്ച നടത്തും. എഐസിസി വർക്കിംഗ് കമ്മിറ്റി യോഗത്തിന് എത്തിയ രമേശ് ചെന്നിത്തലയും, മുഖ്യമന്ത്രി വി ഡി സതീശനും ദില്ലിയിൽ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുമായി വെവ്വേറെ ചർച്ച നടത്തിയിരുന്നു. ഇരുവരും പുതിയ അധ്യക്ഷൻ ആരായിരിക്കണം എന്ന കാര്യത്തിൽ തങ്ങളുടെ നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചു എന്നാണ് വിവരം.
രമേശ് ചെന്നിത്തല ഒരു മുഴുവൻ സമയ അധ്യക്ഷനെ കണ്ടെത്തണം എന്ന നിലപാട് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ജോസഫ് വാഴക്കന്റെ പേരാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്. ഒരാൾക്ക് ഒറ്റ പദവി എന്ന വ്യവസ്ഥ പാലിക്കണമെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം. മുല്ലപ്പള്ളി മുതലുള്ള മുൻ കെപിസിസി അധ്യക്ഷൻ മാരുടെ പേരുകളും ചിലർ നിർദ്ദേശിക്കുന്നുണ്ട്.
മുതിർന്ന നേതാവ് എ കെ ആൻറണിയുടെയും ദില്ലിയിൽ കാര്യങ്ങൾ തീരുമാനിക്കുന്ന കെ സി വേണുഗോപാലിന്റെയും നിലപാടുകൾ ആയിരിക്കും അവസാനം നിർണായകമാവുക. അതേസമയം ഓണ അവധികൾക്ക് ശേഷം ആയിരിക്കും പുതിയ അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകുക എന്നും നേതാക്കൾ പറയുന്നു.