ന്യൂഡൽഹി: രാജ്യത്ത പഞ്ചസാര വില കുതിച്ചുയരുന്നു. ആഗസ്റ്റ് ഏഴിന് ശേഷം 20 ശതമാനം വർധനയാണ് പഞ്ചസാര വിലയിൽ ഉണ്ടായത്.രാജ്യത്തിന്റെ പല ഭാഗങ്ങളിലും പഞ്ചസാര വില 52 രൂപയിൽ നിന്നും 62 രൂപയായി ഉയർന്നു. കഴിഞ്ഞ 12 ദിവസത്തിനിടെയാണ് വില ഇത്രയും ഉയർന്നത്. 19 ശതമാനം മുതൽ 21 ശതമാനം വരെയായ ഉയർന്നത്. ഉൽപാദനം കുറഞ്ഞതും കരിമ്പ് വലിയ രീതിയിൽ എഥനോൾ നിർമാണത്തിന് ഉപയോഗിച്ചതുമാണ് വില ഉയരുന്നതിനുള്ള പ്രധാനകാരണം.
രാജ്യത്ത് പ്രതിമാസം ഏകദേശം 24 ലക്ഷം മെട്രിക് ടൺ പഞ്ചസാരയാണ് ആവശ്യമായി വരുന്നത്. നിലവിലെ സീസണിൽ 342 ലക്ഷം മെട്രിക് ടൺ ഉൽപ്പാദനം പ്രതീക്ഷിച്ചിരുന്നെങ്കിലും യഥാർഥ ഉൽപ്പാദനം 308 ലക്ഷം മെട്രിക് ടണ്ണിൽ ഒതുങ്ങി. ഇതിൽ 28 ലക്ഷം മെട്രിക് ടൺ എഥനോൾ നിർമ്മാണത്തിനായി മാറ്റിവെച്ചതോടെ ആഭ്യന്തര ഉപയോഗത്തിനായി 280 ലക്ഷം മെട്രിക് ടൺ മാത്രമാണ് ലഭിച്ചത്.
ഉൽപ്പാദനം പ്രതീക്ഷിച്ചതിലും കുറഞ്ഞതോടെ സർക്കാർ മേയിൽ പഞ്ചസാര കയറ്റുമതി നിരോധിച്ചെങ്കിലും അതിനകം 8 ലക്ഷം മെട്രിക് ടൺ പഞ്ചസാര കയറ്റുമതി ചെയ്തിരുന്നു. നിലവിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി പഞ്ചസാര വ്യാപാരികൾക്ക് നവംബർ 30 വരെ സ്റ്റോക്ക് പരിധിയും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്സവകാലത്ത് മിഠായികൾക്കും പലഹാരങ്ങൾക്കും പഞ്ചസാരയുടെ ആവശ്യം ഉയരുന്നതിനാൽ വില ഇനിയും കൂടുമോയെന്ന ആശങ്കയും ശക്തമാണ്.