താമരശ്ശേരി: ഓപ്പറേഷൻ തണ്ടറിൻ്റേയും ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെയും ഭാഗമായി താമരശ്ശേരി എക്സൈസ് സർക്കിൾ സംഘം കൊടുവള്ളിക്ക് സമീപം നെല്ലാംകണ്ടിയിലെ മലബാർ ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിൽ 3 യുവാക്കൾ അറസ്റ്റിൽ.

ടൂറിസ്റ്റ് ഹോമിലെ മുറിയിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ച 21.99 ഗ്രാം MDMA, 4,12,000 രൂപ, 5 മൊബൈൽ ഫോണുകൾ, മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഹോണ്ട സിറ്റി കാർ, ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.

കൊടുവള്ളി മാനിപുരം നൂനിക്കര മുഹമ്മദ് നവാസ് (27), കൊടുവള്ളി ഉളിയാടൻ കുന്ന് ഉമൈർ ഖാൻ (27), കൂമ്പാറ ചുടലക്കണ്ടിയിൽ അൽഅമീൻ (19) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.

എക്സൈസ് ഇൻസ്പെക്ടർ ആർ സന്തോഷിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. അസി.എക്സൈസ് ഇൻസ്പെക്ടർ ഷംസുദ്ദീൻ, പ്രിവൻ്റീവ് ഓഫീസർമാരായ ഗിരീഷ്, ബിനീഷ് കുമാർ, ധനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നൗഷീർ ടി വി, ഷഫീഖ് അലി, പ്രജീഷ് ഒട്ടി എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ഓണക്കാലത്ത് മയക്കുമരുന്ന് വിൽപ്പന തടയുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.