വയനാട്: കൈനാട്ടിയിൽ 22-കാരനെ മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി സ്വദേശി മഹേഷാണ് മരിച്ചത്.കൈനാട്ടിയിലെ ഒരു വീട്ടിൽ ജോലിക്കെത്തിയതായിരുന്നു മഹേഷും സുഹൃത്തുക്കളും.
ജോലിക്കിടെ വെള്ളം കുടിക്കാനായി തൊഴിലാളികളുടെ വിശ്രമമുറിയിലേക്ക് പോയതായിരുന്നു മഹേഷ്. മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ കൂടെയുണ്ടായിരുന്നവർ പോയി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളും വിശദമായ പരിശോധനയും ആരംഭിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
കൈനാട്ടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. മരണകാരണം സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസിന്റെ നിലപാട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.