ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ കപ്പലുകളെ വഴിതിരിച്ചുവിട്ടതായി യുഎസ് സെൻട്രൽ കമാൻഡ്. എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്ന് കപ്പലുകൾ പ്രവർത്തനരഹിതമാക്കുകയും രണ്ട് കപ്പലുകളിൽ പരിശോധന നടത്തിയായും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. 'അറബിക്കടലിലൂടെ സഞ്ചരിക്കുന്ന യുഎസ്എസ് ബോക്സർ (LHD-4) യുദ്ധക്കപ്പലിന്റെ ഫ്ലൈറ്റ് ഡെക്കിൽ നിന്ന് യുഎസ് മറൈൻ കോർപ്സിന്റെ MV-22B ഓസ്പ്രേ യൂട്ടിലിറ്റി വിമാനങ്ങൾ പറന്നുയരുന്നു. ഇറാനെതിരായ യുഎസിന്റെ ഉപരോധം നടപ്പാക്കുന്നതിനുള്ള സമുദ്രനിരീക്ഷണവും നടപടികളും കപ്പൽ തുടരുകയാണ്. ഉപരോധം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി യുഎസ് സേന 67 വാണിജ്യക്കപ്പലുകളുടെ ഗതിമാറ്റം വരുത്തുകയും, മൂന്ന് കപ്പലുകൾ പ്രവർത്തനരഹിതമാക്കുകയും, രണ്ട് കപ്പലുകളിൽ കയറി പരിശോധന നടത്തുകയും ചെയ്തു' എന്നായിരുന്നു എക്സ് പോസ്റ്റിൽ CENTCOM വ്യക്തമാക്കിയത്.