ആംസ്റ്റൽവീൻ: വനിതാ ഹോക്കി ലോകകപ്പിൽ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് ഇന്ത്യ രണ്ടാം റൗണ്ടിലേക്ക്. ഇതോടെ പൂൾ ഡിയിൽ അഞ്ച് പോയിന്റോടെ ഇന്ത്യ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മത്സരത്തിലുടനീളം ഇംഗ്ലണ്ട് ആധിപത്യം പുലർത്തിയെങ്കിലും ഇന്ത്യയുടെ കരുത്തുറ്റ പ്രതിരോധം വല തുളയ്ക്കാനനുവദിച്ചില്ല.

ഇംഗ്ലണ്ടിന്റെ 11 പെനാൽറ്റി കോർണർ അവസരങ്ങളും ഇന്ത്യൻ പ്രതിരോധനിരയും ഗോൾകീപ്പർമാരായ സവിത പൂനിയയും ബിചു ദേവിയും ചേർന്ന് വിഫലമാക്കി. ഏഴ് പോയിന്റുമായി ചൈന നേരത്തെ രണ്ടാം റൗണ്ടിലെത്തിയിരുന്നു. ഇന്നത്തെ മത്സരത്തിനുശേഷം ഇംഗ്ലണ്ടും ദക്ഷണാഫ്രിക്കയും ലോകകപ്പിൽ നിന്ന് പുറത്തായി.

ഇംഗ്ലണ്ടിനെ സമനിലയിൽ തളയ്ക്കാനായത് ലോകകപ്പിലെ ഇന്ത്യയുടെ ഒരു മികച്ച മുന്നേറ്റം തന്നെയായിരുന്നു. ഒളിമ്പിക് ചാമ്പ്യന്മാരായ നെതർലൻഡ്‌സ്, ഓസ്ട്രേലിയ ടീമുകളാണ് ഇന്ത്യയുടെ അടുത്ത എതിരാളികൾ.