വയനാട് :  കള്ളാടി മണ്ണിടിച്ചിലിൽ കാലാവസ്ഥ അനുവദിച്ചാൽ രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുമെന്ന് മേൽനോട്ട ചുമതലയ്ക്കായി എത്തിയ റേഞ്ച് ഡിഐജി കെ കാർത്തിക്ക് പറഞ്ഞു.

ജില്ലാ ഭരണകൂടവും പൊലീസ് ഉദ്യോഗസ്ഥരും കൂടി ചേർന്നുകൊണ്ടുള്ള രക്ഷാപ്രവർത്തനം രാവിലെ മുതൽ നടന്നു കൊണ്ടിരിക്കുകയാണ്..

7 പേർക്കാണ് പരുക്കേറ്റത് അതിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥനാണ്. 5 പേരെയാണ് കാണാതായിരുന്നത്. മണ്ണിനടിയിൽ കൂടുതൽ പേർ ഉണ്ടെന്നാണ് സംശയം. മണ്ണ് നീക്കി തിരച്ചിൽ പുരോഗമിക്കുകയാണ്.മഴ തുടരുന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അതുകൊണ്ടുതന്നെ പ്രദേശത്തുള്ളവരെ മാറ്റി പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. മരിച്ചവരുടെ ഇൻക്വസ്റ്റ് നടപടിക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മാത്രമേ മറ്റ് നടപടികൾ കൈകൊള്ളുകയുള്ളുവെന്ന് കാർത്തിക്ക് വ്യക്തമാക്കി.

അതേ സമയം മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കേസെടുത്ത് പോലീസ്. മേപ്പാടി പോലീസാണ് കേസെടുത്തത്. മണ്ണിടിച്ചില്‍ മനുഷ്യ നിര്‍മിതമാണെന്നും കളക്ടര്‍ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്നും മുഖ്യമന്ത്രിയും, അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് ദുരന്തത്തിന് കാരണമായതെന്ന് പൊതുമരാമത്ത് വകുപ്പും പ്രതികരിച്ചിരുന്നു.

മണ്ണിടിച്ചിലില്‍ അഞ്ചുപേര്‍ മരിച്ചു. യുദ്ധകാലാടിസ്ഥാനത്തിലാണ് വിവിധ ദൗത്യസംഘങ്ങളും സേനയും നാട്ടുകാരുമെല്ലാം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ ഡി ആര്‍ എഫ്) 70 അംഗങ്ങളടങ്ങുന്ന രണ്ട് സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എന്‍ ഡി ആര്‍ എഫ് ഓപറേഷന്‍സ് ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ നേതൃത്വത്തിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദുരന്ത സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും പെട്ടെന്ന് പുറത്തെടുക്കാനാണ് ശ്രമം. തിരച്ചില്‍ ത്വരിതവും ഫലപ്രദവുമാക്കുന്നതിനായി രണ്ട് കെഡാവര്‍ നായകളെ സംഭവ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. തിരച്ചില്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് കെഡാവര്‍ നായ്ക്കളെയും മണ്ണിനടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താന്‍ ‘മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും’ ദൗത്യസംഘം ഉപയോഗിക്കുന്നുണ്ട്.