തൃശൂര്‍: വിയ്യൂര്‍ ജില്ലാ ജയിലില്‍ നിന്ന് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റിമാന്‍ഡ് പ്രതി മരിച്ചു. തൃശൂര്‍ ചിറ്റിലശേരി സ്വദേശി രേഷ് ബാബു (35) ആണ് മരിച്ചത്. മെയ് 26നാണ് പനിബാധിച്ച് രേഷ് ബാബു ജയിലില്‍ കുഴഞ്ഞുവീണത്. ആരോഗ്യനില വളരെ മോശമായതിനാല്‍ ഐസിയുവിലാണ് ഇയാളെ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച മരണം സംഭവിക്കുകയായിരുന്നു.
അതേസമയം മകന്റെ മരണത്തില്‍ പൊലിസിനെതിരേ കുടുംബം രംഗത്തെത്തി. മകന്റെ ശരീരത്തില്‍ മര്‍ദനമേറ്റതുപോലുള്ള പാടുകളുണ്ടെന്ന് പിതാവ് ആരോപിച്ചു. മകന്റെ പല്ലുകള്‍ ഇളകിയ നിലയിലും ചുണ്ടും മുഖവും കരിനീലിച്ച നിലയിലുമായിരുന്നെന്നും പിതാവ് പറയുന്നു. രേഷ് ബാബു മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും ഇത്തരത്തിലുള്ളവരെ റിമാന്‍ഡ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പൊലീസ് പാലിച്ചില്ലെന്നും പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നുമാണ് ഉയരുന്ന ആരോപണം. 50 ശതമാനത്തിലേറെ മാനസിക വെല്ലുവിളി നേരിടുന്നയാളാണ് രേഷ് ബാബു. ഇയാള്‍ക്ക് സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ ഉള്‍പ്പടെ ലഭിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ 17ാം തിയതിലാണ് പൊലീസ് രേഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ നഗരത്തില്‍ ഒരാളെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്നെന്ന കേസിലാണ് അറസ്റ്റ്. നാലുപേര്‍ സംഘത്തിലുണ്ടായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും രേഷ് താഴെ നിന്ന് എന്തോ കൈകൊണ്ട് എടുക്കുന്ന് മാത്രമാണ് ദൃശ്യത്തിലുള്ളത്.
രേഷിനെ അറസ്റ്റ് ചെയ്തതിന് ശേഷം പിതാവ് ബാബു ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി മകന്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നയാളെന്ന് വിശദീകരിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ കാണിച്ചോളൂ എന്നായിരുന്നു പൊലീസിന്റെ മറുപടി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് രേഷ് ബാബുവിന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
നിലവില്‍ മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമേ മര്‍ദനമേറ്റിരുന്നോ എന്ന കാര്യവും രേഷ് ബാബു മരിക്കാനിടയായ കാരണം സംബന്ധിച്ചും വ്യക്തതവരികയുള്ളൂ.