താമരശ്ശേരി: താമരശ്ശേരിയിൽ ഇരുപത്തിയൊന്ന് വയസ്സുകാരി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. ഈങ്ങാപ്പുഴ സ്വദേശി കക്കാട് നിവ ഷഹനാദ് ആണ് ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് പോകവേ പ്രസവിച്ചത്.

പ്രസവത്തിൽ അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. രാവിലെ മുതൽ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിരുന്നു .

പക്ഷെ അപ്പോൾ പ്രസവത്തിനുള്ള തിയ്യതി ആയിട്ടില്ലെന്നും പിന്നീട് വരാനുമായിരുന്നു ഡോക്ടർ നിർദ്ദേശിച്ചത്. തുടർന്ന് യുവതി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

വീട്ടിലെത്തിയ യുവതിക്ക് വീണ്ടും വൈകീട്ട് മൂന്ന് മണിയോടെ വേദന അനുഭവപെട്ടതോടെ അയൽവാസിയായ യുവാവിന്റെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് യുവതി പ്രസവിച്ചത്.