ഗൾഫ് രാജ്യങ്ങളിൽ ആളപായമില്ല
മനാമ: ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ഡ്രോൺ ആക്രമണം. കുവൈത്ത്, ഖത്തർ യുഎഇ എന്നിവിടങ്ങളിലാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. എവിടെയും ആളപായമുള്ളതായി റിപ്പോർട്ടില്ല. താൽക്കാലിക വെടിനിർത്തൽ നിലനിൽക്കെ, ഖത്തർ തീരത്ത് ചരക്ക് കപ്പലിന് നേരെ ഇറാൻ ആക്രമണമുണ്ടായി. കുവൈത്ത് വ്യോമാതിർത്തിയിൽ ഡ്രോണുകൾ പ്രവേശിച്ചതായും റിപ്പോർട്ടുണ്ട്.
അബുദാബിയിൽ നിന്ന് വരികയായിരുന്ന വാണിജ്യ കപ്പലിന് നേരെയാണ് ഖത്തർ തീരത്ത് വെച്ച് ഡ്രോൺ ആക്രമണമുണ്ടായത്. കപ്പലിൽ ചെറിയ തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ല. ഞായറാഴ്ച പുലർച്ചെയാണ് കുവൈത്ത് വ്യോമാതിർത്തിയിൽ ഡ്രോണുകൾ കണ്ടത്. ഇത് സൈന്യം പ്രതിരോധിച്ചതായും കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാനിൽ നിന്ന് യുഎഇ ലക്ഷ്യമാക്കി വന്ന രണ്ട് ഡ്രോണുകൾ യുഎഇ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു.
അതേസമയം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ആണവ പദ്ധതി ഉപേക്ഷിക്കുന്നതിനും ഇറാൻ തയ്യാറായില്ലെങ്കിൽ പൂർണ്ണ തോതിലുള്ള ബോംബാക്രമണം പുനരാരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം സംരക്ഷിക്കാൻ സൈന്യം പൂർണ്ണ സജ്ജമാണെന്ന് ഇറാൻ സൈനിക വക്താവ് വ്യക്തമാക്കി. ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അധിനിവേശ ശ്രമങ്ങൾ ഉണ്ടായേക്കാമെന്ന് ഇറാൻ ആശങ്കയുണ്ട്.
ഇറാനിയൻ എണ്ണ ടാങ്കറുകൾക്കോ വാണിജ്യ കപ്പലുകൾക്കോ നേരെ ആക്രമണമുണ്ടായാൽ മേഖലയിലെ യുഎസ് താവളങ്ങൾക്ക് നേരെ കനത്ത ആക്രമണം നടത്തുമെന്ന് റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ തുടരുകയാണ്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഖത്തർ പ്രധാനമന്ത്രിയും മേഖലയിലെ സാഹചര്യം വിലയിരുത്തി.