ന്യൂഡൽഹി: എസ്.ഐ.ആറിന്റെ മൂന്നാംഘട്ടം പ്രഖ്യാപിച്ചു. 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ മാസം 30 മുതലാണ് നടപ്പാക്കുക. സെൻസസ് നടക്കുന്നതിനാൽ ഇതുമായി ഏകോപിപ്പിച്ചാണ് എസ്.ഐ.ആർ നടപ്പാക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഇതിൽ ഹിമാചൽ പ്രദേശ്, ജമ്മു കശ്മിർ, ലഡാക്ക് എന്നിവ ഒഴികെ എസ്.ഐ.ആർ ഇനി നടപ്പാക്കാൻ ശേഷിക്കുന്ന എല്ലാ സംസ്ഥാനങ്ങളും ഉൾപ്പെടും. സെൻസസ് ജോലികളും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് ഹിമാചൽ പ്രദേശ്, ജമ്മു കശ്മിർ, ലഡാക്ക് എന്നിവിടങ്ങളിലേക്കുള്ള ഷെഡ്യൂളുകൾ പിന്നീട് പ്രഖ്യാപിക്കും.
ആന്ധ്രാപ്രദേശ്, കർണാടക, ഒഡീഷ, തെലങ്കാന, പഞ്ചാബ്, മിസോറാം, സിക്കിം, മണിപ്പൂർ, ദമൻ ദിയു, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, ഹരിയാന, ഛണ്ഡിഗഢ്, മേഘാലയ, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഡൽഹി, നാഗാലാൻഡ്. ത്രിപുര എന്നിവിടങ്ങളിലാണ് മൂന്നാം ഘട്ടത്തിൽ എസ്.ഐ.ആർ നടക്കുന്നത്.
ഏകദേശം 36.73 കോടി വോട്ടർമാരുടെ വിശദാംശങ്ങളാണ് മൂന്നാം ഘട്ടത്തിൽ കമ്മിഷൻ പരിശോധിക്കാൻ പോകുന്നത്. 3.94 ലക്ഷത്തിലധികം ബൂത്ത് ലെവൽ ഓഫിസർമാരെയാണ് ഇതിനായി നിയോഗിക്കുക. രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുത്ത 3.42 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാർ കമ്മിഷനെ സഹായിക്കും. ആദ്യ രണ്ട് ഘട്ടങ്ങളിലായി 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നേരത്തെ എസ്.ഐ.ആർ നടത്തിയിരുന്നു.