കൊച്ചി: തുടർച്ചയായി കുറഞ്ഞ സ്വർണവിലയിൽ ഇന്ന് ഉച്ചക്ക് വർധന. ഗ്രാമിന് 175 രൂപ കൂടി 13,020 രൂപയും പവന് 1400രൂപ കൂടി 1,04,160 രൂപയുമായി. രാവിലെ ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ വെള്ളിവിലയിൽ ഉച്ചക്ക് മാറ്റമില്ല. 235 രൂപയാണ് ഗ്രാം വില.
അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിന് 6.45 ഡോളർ കൂടി. 0.16 ശതമാനം വർധിച്ച് 4,030.14 ഡോളറാണ് ഇന്നത്തെ വില.
ഇന്ന് രാവിലെ സ്വർണം ഗ്രാമിന് 165 രൂപ കുറഞ്ഞ് 12845 രൂപയും പവന് 1,320 രൂപ കുറഞ്ഞ് 1,02,760 രൂപയുമായിരുന്നു. ഏറെ നാളായി വൻ ചാഞ്ചാട്ടത്തിനാണ് വിപണി സാക്ഷ്യം വഹിക്കുന്നത്. ഈ വർഷം ജനുവരി 31ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് സ്വർണവിലയുടെ എക്കാലത്തെയും ഉയർന്ന നിരക്ക്.
ഇന്നലെ രാവിലെയും വൈകീട്ടുമായി സ്വർണം പവന് 1480 രൂപ കുറഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 85 രൂപ താഴ്ന്ന് 13,110 രൂപയും പവന് 680 രൂപ കുറഞ്ഞ് 1,04,880 രൂപയുമായിരുന്നു. വൈകീട്ട് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഇടിഞ്ഞു. 1,04,080 രൂപ നിരക്കിലാണ് വിപണി ക്ലോസ് ചെയ്തത്. ശനിയാഴ്ച ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വർധിച്ചിരുന്നു. പവന് 1,05,560 രൂപയും ഗ്രാമിന് 13,195 രൂപയുമായിരുന്നു വില.
ഇറാൻ -യു.എസ് യുദ്ധവിരാമത്തിനുശേഷം സ്വർണത്തിന് വൻ വില വർധനയുണ്ടാവുമെന്ന് വിപണി നിരീക്ഷകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, യു.എസിൽ പണപ്പെരുപ്പം കുറയാതിരുന്നതോടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുറച്ചില്ല. ഭാവിയിൽ പലിശ കൂട്ടുമെന്ന സൂചനയും നൽകി. ഇതോടെ യു.എസ് ബോണ്ട് നിക്ഷേപം കൂടുതൽ ആകർഷകമായി മാറി. സ്വർണത്തേക്കാൾ പണമൊഴുക്ക് ബോണ്ടുകളിലേക്കായി. ഇതോടെ വില ഇടിയുകയായിരുന്നു. യു.എസ് പണപ്പെരുപ്പമാകും സ്വർണത്തിന്റെ ഇനിയുള്ള ഗതി നിർണയിക്കുക.