തൃശൂർ: ബെംഗളൂരുവിൽ മലയാളി യുവാവിന്റെ അതിക്രൂരമായ മർദനത്തിനിരയായ തൃശൂർ സ്വദേശിനി സുനിത (47) അതീവ ഗുരുതരാവസ്ഥയിൽ. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനിയായ സുനിത ഇപ്പോൾ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. സംഭവത്തിൽ സുനിതയെ താൻ മർദിച്ചതാണെന്ന് സമ്മതിക്കുന്ന പ്രതി ദീപക് കൃഷ്ണയുടെ ശബ്ദരേഖയും ഇതിനിടെ പുറത്തുവന്നു.

ഈ മാസം മൂന്നിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബെംഗളൂരുവിലെ സുലിബലയിൽ തെരുവുനായ്ക്കളെ പരിപാലിക്കുന്ന ഷെൽട്ടർ ഹോമിൽ ജോലിക്ക് വേണ്ടിയാണ് സുനിതയും മറ്റ് രണ്ട് യുവതികളും എത്തിയത്. ഇവിടെ ഷെൽട്ടർ ഹോം നടത്തുന്ന മലയാളി യുവാവ് ദീപക് കൃഷ്ണൻ സുനിതയെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനമേറ്റ സുനിത അബോധാവസ്ഥയിലായതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.

"ഞാൻ സുനിതയെ അടിച്ചു എന്നത് സത്യമാണ്, എനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു" എന്ന് ദീപക് കൃഷ്ണ പറയുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. സുനിതയുടെ ബന്ധുക്കളോടാണ് പ്രതി ദേഷ്യപ്പെട്ട കാര്യം സമ്മതിക്കുന്നത്. മർദനത്തിന് ശേഷം സുനിതയെ നാട്ടിലെത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതോടെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ തൃശൂർ ഈസ്റ്റ് പൊലിസ് നിലവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലാണ് സംഭവം നടന്നതെന്നതിനാൽ കേസ് സുലിബല പൊലിസിന് കൈമാറും. പ്രതി ദീപക് കൃഷ്ണയെ പിടികൂടാനുള്ള നീക്കങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്