കോഴിക്കോട്: പൾസ് പോളിയോ ഇമ്യൂണൈസേഷൻ ജൂൺ 28ന് നടക്കും. ഇതിന്റെ ഭാഗമായി ജില്ലയിൽ അതിഥി തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള 1,260 കുട്ടികൾ ഉൾപ്പെടെ അഞ്ച് വയസ്സിൽ താഴെയുള്ള 1,89,345 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുമെന്ന് പൾസ് പോളിയോ ഇമ്യൂണൈസേഷൻ ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗത്തിൽ അറിയിച്ചു. ജൂൺ 28ന് തുള്ളിമരുന്ന് സ്വീകരിക്കാൻ കഴിയാത്ത കുട്ടികൾക്ക് 29, 30 തീയതികളിൽ വീടുകളിലെത്തി തുള്ളിമരുന്ന് ലഭ്യമാക്കാനും സംവിധാനമൊരുക്കും.

ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, വായനശാലകൾ എന്നിവിടങ്ങളിലായി 2,187 ബൂത്തുകളും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലായി 54 ട്രാൻസിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ക്യാമ്പുകൾ, മറ്റു കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 27 മൊബൈൽ യൂണിറ്റുകളും കേന്ദ്രീകരിച്ചാകും തുള്ളിമരുന്ന് വിതരണം. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചു വരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക. ട്രാൻസിറ്റ് ബൂത്തുകളിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ തുള്ളിമരുന്ന് വിതരണം ചെയ്യും.

യോഗത്തിൽ എൽ.ആർ ഡെപ്യൂട്ടി കലക്ടർ സി വി പ്രകാശൻ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. വി പി രാജേഷ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി കെ ഷാജി, ആർ.സി.എച്ച് ഓഫീസർ ഡോ. നവ്യ ജെ തൈക്കാട്ടിൽ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, ഐ.എം.എ/ഐ.എ.പി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.