മാള: മന്ത്രി ഒ.ജെ. ജനീഷിന് വീട്ടിൽ ഉച്ചഭക്ഷണം നൽകിയതിന്റെ പേരിൽ സി.പി.ഐ.യിൽനിന്ന് പുറത്താക്കിയതിൽ വേദനയുണ്ടെങ്കിലും കുറ്റബോധമില്ലെന്ന് പി.എസ്. അബ്ദുൾ റഹ്‌മാൻ. ചെയ്തത് പൂർണമായി ശരിയാണ്. ജനീഷ് നാടിന്റെ മന്ത്രിയാണ്. വിദേശത്തുനിന്നെത്തിയ മകൻ യാസർ ആവശ്യപ്പെട്ടതനുസരിച്ചാണ് മന്ത്രിക്ക് ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം നൽകിയത്. കുടുംബവും സന്തോഷത്തോടെയാണ് തീരുമാനം സ്വീകരിച്ചത്.

2020 വരെ എട്ടുവർഷത്തോളം സി.പി.ഐ. മാള ലോക്കൽ കമ്മിറ്റി അംഗമായിരുന്ന താൻ 55 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്നു. ഈയൊരു കാരണത്തിൽ പുറത്താക്കിയതിൽ വേദനയുണ്ട്. ചില സി.പി.ഐ. നേതാക്കളും വീട്ടിൽ മറ്റു പാർട്ടികളിലെ നേതാക്കൾക്ക് സത്കാരം നടത്താറുണ്ടെന്നും പി.എസ്. അബ്ദുൾ റഹ്‌മാൻ ആരോപിച്ചു.

അഷ്ടമിച്ചിറയിൽ സ്റ്റേഷനറി വ്യാപാര സ്ഥാപനം നടത്തുന്ന, അഷ്ടമിച്ചിറ സ്വദേശി പള്ളിപ്പറമ്പിൽ 76 -കാരനായ അബ്ദുൾ റഹ്‌മാൻ ജ്യേഷ്ഠസഹോദരൻ അബ്ദു കുഞ്ഞിയുടെ പാത പിന്തുടർന്നാണ് പാർട്ടിയിലെത്തിയത്.

മന്ത്രി ജനീഷിന് മാളയിലെ നന്ദിപര്യടനത്തിനിടയിൽ ഭക്ഷണം കൊടുത്തതിന്റെ പേരിൽ പാർട്ടിയിൽനിന്ന് പുറത്താക്കിയ നോട്ടീസ് അഷ്ടമിച്ചിറ ബ്രാഞ്ച് സെക്രട്ടറിയാണ് വെള്ളിയാഴ്ച നേരിട്ടു നൽകിയത്.

മന്ത്രിക്ക് ഭക്ഷണം നൽകിയത് പാർട്ടിക്ക് വലിയ അപമാനമുണ്ടാക്കിയതായി കത്തിൽ പറയുന്നു. അബ്ദുൾ റഹ്‌മാൻ ഒരു സത്കാര പ്രിയനാണെന്നും അതേസമയം മന്ത്രിക്കൊപ്പം കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും വിളിച്ച് ഭക്ഷണമൊരുക്കി നൽകിയതാണ് പ്രശ്‌നമെന്നും ചില നേതാക്കൾ പറഞ്ഞു.