അബുദബി: യുഎഇയിൽ വേനൽച്ചൂട് കടുക്കുന്ന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി വർഷം തോറും നടപ്പാക്കാറുള്ള ഉച്ചസമയ ജോലി നിരോധനം ഈ വർഷം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. സെപ്റ്റംബർ 15 വരെ നീണ്ടുനിൽക്കുന്ന മൂന്ന് മാസക്കാലയളവിൽ ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:00 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. തുടർച്ചയായ ഇരുപത്തിരണ്ടാം വർഷമാണ് യുഎഇ ഈ തൊഴിലാളി ക്ഷേമ നിയമം വിജയകരമായി നടപ്പിലാക്കുന്നത്.
വേനൽക്കാലത്ത് കഠിനമായ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് ഈ നടപടിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇക്കാലയളവിൽ കമ്പനികൾ തൊഴിലാളികൾക്കായി തണലുള്ള വിശ്രമ സ്ഥലങ്ങൾ, ഫാനുകൾ ഉൾപ്പെടെയുള്ള കൂളിംഗ് സംവിധാനങ്ങൾ, ആവശ്യത്തിന് കുടിവെള്ളം, ജലാംശം നിലനിർത്താനുള്ള മറ്റ് സൗകര്യങ്ങൾ എന്നിവ നിർബന്ധമായും ഒരുക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഈ നിയമത്തോട് മികച്ച സഹകരണമാണ് കമ്പനികളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കഴിഞ്ഞ തവണ താപ സമ്മർദ്ദ സംരക്ഷണ കാമ്പയിനിൽ 99 ശതമാനം അനുസരണ നിരക്കാണ് മന്ത്രാലയം രേഖപ്പെടുത്തിയത്. കൂടാതെ, ഡെലിവറി റൈഡർമാർക്കായി രാജ്യത്തുടനീളം പതിനായിരത്തോളം എയർ കണ്ടീഷൻ ചെയ്ത വിശ്രമ കേന്ദ്രങ്ങളും അധികൃതർ ഒരുക്കിയിരുന്നു.
നിയമം ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന കമ്പനികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതമാണ് പിഴ ചുമത്തുക. ഒന്നിലധികം തൊഴിലാളികളെ ബാധിക്കുന്ന നിയമലംഘനങ്ങൾക്ക് പരമാവധി 50,000 ദിർഹം വരെ പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, സാങ്കേതിക കാരണങ്ങളാൽ നിർത്തിവെക്കാൻ സാധിക്കാത്തതും പൊതുജനങ്ങൾക്ക് അത്യാവശ്യവുമായ ചില ജോലികളെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അസ്ഫാൽറ്റ് പാകൽ, കോൺക്രീറ്റ് മിക്സിംഗ് തുടങ്ങിയ മാറ്റിവെക്കാൻ കഴിയാത്ത നിർമ്മാണ പ്രവർത്തനങ്ങൾ, ജലം, വൈദ്യുതി, ഗതാഗതം തുടങ്ങിയ അവശ്യ സേവനങ്ങൾ തടസ്സപ്പെടുമ്പോൾ നടത്തുന്ന അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് ഇളവുണ്ടാകും. കൂടാതെ പൊതുജീവിതത്തെ നേരിട്ട് ബാധിക്കുന്നതും, പ്രത്യേക സർക്കാർ അന്തിമ അനുമതിയോടെ ചെയ്യുന്നതുമായ ജോലികൾക്കും ഈ സമയപരിധി ബാധകമല്ല. എന്നാൽ ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള കർശനമായ മുൻകരുതലുകൾ കമ്പനികൾ സ്വീകരിക്കേണ്ടതുണ്ട്.