തെഹ്‌റാന്‍: കരിങ്കടലിൽ ചരക്കു കപ്പലിന് നേരെയുണ്ടായ മിസൈൽ/ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. റഷ്യൻ തീരത്തുകൂടി സഞ്ചരിക്കുകയായിരുന്ന 'എംവി ഒമോർഫി' എന്ന കപ്പലിന് നേരെ കഴിഞ്ഞ ജൂലൈ 18-നാണ് ആക്രമണമുണ്ടായത്. വിദേശകാര്യ മന്ത്രാലയം വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
മൂന്ന് ഇന്ത്യക്കാരുൾപ്പെടെ 10 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ മറ്റ് രണ്ട് ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിവരമുണ്ട്. കൊല്ലപ്പെട്ട നാവികന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധം അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
കഴിഞ്ഞ ദിവസം ഹോർമൂസ് കടലിടുക്കിൽ 28 ഇന്ത്യക്കാരുമായി പോയ മറ്റൊരു കപ്പലിന് നേരെയും ആക്രമണ ശ്രമമുണ്ടായെങ്കിലും എല്ലാവരും സുരക്ഷിതരായിരുന്നു. എന്നാൽ പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ ഹോർമൂസ് വഴിയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും താളംതെറ്റിയ നിലയിലാണ്. അതിനിടെ കപ്പൽ ഗതാഗതത്തിലെ നിയന്ത്രണങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒമാൻ പ്രതിനിധി സംഘം ഇറാനിലെത്തിയിട്ടുണ്ട്.
മറുഭാഗത്ത്, ഇറാന്റെ ബന്ദർ അബ്ബാസ് അടക്കമുള്ള മേഖലകളിൽ അമേരിക്ക ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ഇതിന് മറുപടിയായി ഗൾഫ് മേഖലയിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാനും പ്രത്യാക്രമണം നടത്തി. സൈനിക നടപടിയോ കരാറോ മാത്രമാണ് ഇറാന് മുന്നിലുള്ള പോംവഴിയെന്നും, കപ്പലുകൾക്ക് നേരെ ആക്രമണം തുടർന്നാൽ ഇറാനെ പൂർണ്ണമായും ഇല്ലാതാക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
"ഇതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച അമേരിക്കയിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും. യുദ്ധം വിപുലീകരിക്കണമെന്ന നിലപാടിലാണ് ഇസ്രയേലെങ്കിലും, ചർച്ചകളുടെ സാധ്യത പൂർണ്ണമായി തള്ളാത്ത അമേരിക്കൻ നിലപാടിൽ ഇരുരാജ്യങ്ങളും തമ്മിൽ ചില ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.