കോട്ടക്കല്‍: പുത്തനത്താണി ആതവനാട്ടില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. ആതവനാട് കുറുമ്പത്തൂര്‍ കൂടശ്ശേരി പാറ സ്വദേശി മുസ്തഫയാണ് കൊല്ലപ്പെട്ടത്.

സഹോദരിയുടെ മകനാണ് മുസ്തഫയെ കുത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമണം തടയാന്‍ ശ്രമിച്ച മുസ്തഫയുടെ സഹോദരന്‍ അബ്ദുള്ളയ്ക്കും കുത്തേറ്റ് പരിക്കേറ്റു. പരിക്കേറ്റ അബ്ദുള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സഹോദരിയുടെ മക്കള്‍ മാരകായുധങ്ങളുമായി എത്തിയ ശേഷമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോലീസ് പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തിവരികയാണ്.