കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച 16 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മാതാവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വയനാട് സ്വദേശിനിയായ യുവതിയാണ് വെള്ളിയാഴ്ച വൈകീട്ടോടെ കുഞ്ഞിനെ അപരിചിതയായ മറ്റൊരു സ്ത്രീയെ ഏൽപ്പിച്ച് മുങ്ങിയത്.
കുഞ്ഞുമായി ഈ സ്ത്രീ മെഡിക്കൽ കോളജ് പൊലിസ് സ്റ്റേഷനിൽ എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് വനിതാ പൊലിസിന്റെ സംരക്ഷണത്തിൽ കുഞ്ഞിനെ മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ആവശ്യമായ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം കുഞ്ഞിനെ തിരികെ പൊലിസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.
കുഞ്ഞുമായി സ്റ്റേഷനിലെത്തിയ സ്ത്രീയെ പൊലിസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. മാതാവ് ആശുപത്രിയിൽ നൽകിയിരുന്ന ഫോൺ നമ്പറിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ആശുപത്രിയിൽ നൽകിയ വിലാസവും മറ്റ് വിവരങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലിസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.