ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭം അവസാനിപ്പിക്കാൻ സർക്കാരും കോക്രോച്ച് ജനതാപാർട്ടി(സി.ജെ.പി.) നേതാക്കളും വെള്ളിയാഴ്ച നടത്തിയ രണ്ടാംവട്ട ചർച്ചയിൽ രണ്ട് ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ച് കേന്ദ്രം. ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരുകോടി നഷ്ടപരിഹാരം, പ്രതിഷേധക്കാർക്കെതിരേ നിയമനടപടി പാടില്ല എന്നീ ആവശ്യങ്ങളാണ് സർക്കാർ പരിഗണിക്കാമെന്ന് അറിയിച്ചത്.

എന്നാൽ, സമരക്കാർ ഉന്നയിച്ച മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജ്യക്കാര്യത്തിൽ തീരുമാനമായില്ല. ശനിയാഴ്ച മൂന്നരയ്ക്ക് വീണ്ടും ചർച്ച നടക്കും. പ്രധാന്റെ രാജിക്കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ രാജ്യവ്യാപകമായി സമരം ശക്തിപ്പെടുത്താനാണ് സി.ജെ.പി. തീരുമാനം.

വിദ്യാർഥികളുടെ ആവശ്യങ്ങൾ സർക്കാർ കേട്ടതായും ശനിയാഴ്ച വീണ്ടും ചർച്ചയുണ്ടാകുമെന്നും കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു. മന്ത്രിമാർ ഒരുദിവസത്തെ സമയം ചോദിച്ചെന്നും സി.ജെ.പി. നേതാക്കൾ പറഞ്ഞു.

സി.ജെ.പി. പ്രതിനിധികളായ സൗരവ് ദാസും അശുതോഷ് റാങ്കയും മന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര സിങ്ങുമാണ് ചർച്ചയിൽ പങ്കെടുത്തത്. പാർലമെന്റിന് സമീപത്തെ വിത്തൽഭായ് പട്ടേൽ ഹൗസിലായിരുന്നു ചർച്ച.

മന്ത്രി പ്രധാന്റെ രാജി, ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം, പ്രതിഷേധക്കാർക്കെതിരേ നിയമനടപടി പാടില്ല എന്നീ ആവശ്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് സി.ജെ.പി. സംഘം കൂടിക്കാഴ്ചയിൽ മന്ത്രിമാർക്ക് കത്തുനൽകി.

വിദ്യാർഥികളെ ക്രൂരമായി മർദിച്ചതിന് കേന്ദ്രസർക്കാരും ദ്രുതകർമസേനാ മേധാവിയും ഡൽഹി പോലീസ് കമ്മിഷണറും പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. അതിനിടെ, പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധത്തിൽ അഞ്ചാം ദിവസവും പാർലമെന്റ് തടസ്സപ്പെട്ടു.

ചർച്ചയാകാമെന്ന് സർക്കാർ ആവർത്തിച്ചെങ്കിലും പ്രധാന്റെ രാജിയായിരുന്നു പ്രതിപക്ഷ ആവശ്യം. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകൾ കേൾക്കാൻ മഹാരാഷ്ട്രയിൽ രണ്ടും, മധ്യപ്രദേശിൽ നാലും അതിവേഗക്കോടതികൾ സ്ഥാപിച്ചു.

നീറ്റ് ഉൾപ്പെടെ ദേശീയ പരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻ.ടി.എ.) ഉടച്ചുവാർക്കൽ നടപടിയാരംഭിച്ച കേന്ദ്രം 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇതിനുപുറമേ, ചില ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടികൾക്കും കേന്ദ്രം തുടക്കമിട്ടു. 

പരീക്ഷാക്രമക്കേടുകൾക്കെതിരേ കർശനനടപടികൾ വ്യവസ്ഥചെയ്യുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പത്തുവർഷം തടവും പത്തുകോടി രൂപ പിഴയും ഉൾപ്പെടെയുള്ള വ്യവസ്ഥകളുണ്ട്. ബിൽ തിങ്കളാഴ്ച പാർലമെന്റിൽ ണ്ടഅവതരിപ്പിച്ചേക്കും.