പെർത്ത്: ഓസ്‌ട്രേലിയയിലെ പെർത്ത് നഗരത്തിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ അങ്കമാലി സ്വദേശിനിയായ മലയാളി യുവതി മരിച്ചു. അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗം ആൻമേരി ജോയി (30) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് പെർത്തിലെ മാർട്ടിൻ പ്രദേശത്തെ ടോക്കിൻ ഹൈവേ – മിൽസ് റോഡ് വെസ്റ്റ് ജംഗ്ഷനിൽ വെച്ചാണ് അപകടം ഉണ്ടായത്. രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ ആൻമേരിക്ക് ഗുരുതരമായി പരുക്കേറ്റു.
ഉടൻ തന്നെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ആൻമേരിയെ സമീപത്തെ റോയൽ പെർത്ത് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ മണിക്കൂറുകളോളം ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചികിത്സയിലിരിക്കെ ആൻമേരി മരണത്തിന് കീഴടങ്ങുകയായിരുന്നു.
അപകടത്തിൽ മറ്റൊരു വാഹനം ഓടിച്ചിരുന്ന 33 കാരനും ഗുരുതര പരുക്കുകളോടെ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ നിലയും ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തിന്റെ കാരണത്തെ കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.ആൻമേരിയുടെ അപ്രതീക്ഷിത വിയോഗ വാർത്ത അറിഞ്ഞ് പെർത്ത് മലയാളി സമൂഹം മുഴുവൻ ദുഃഖത്തിലാണ്. ജോലിയുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിൽ താമസിച്ചുവരികയായിരുന്നു ആൻമേരി.
നാട്ടിലെ വീട്ടിലും ബന്ധുക്കൾക്കിടയിലും വലിയ ഞെട്ടലാണ് ഈ വാർത്ത ഉണ്ടാക്കിയിരിക്കുന്നത്.മകൾ ഹോളി ആൻ ശരത്തിന് ഇനിയും അമ്മയില്ലാത്ത ജീവിതത്തിന്റെ വിഷമം മനസിലായിട്ടില്ല. ഭർത്താവ് ശരത് ജോസും കുടുംബവും ഇപ്പോൾ പെർത്തിലുണ്ട്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പൊതുദർശനത്തിന്റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ബന്ധുക്കൾ അറിയിക്കുമെന്ന് അറിയിച്ചു.