എളേറ്റിൽ: ഭാര്യാവീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയുടെ പിതാവിനെയും, സഹോദരനെയും ആക്രമിക്കുകയും വീട്ടിലെ ജനൽ ഗ്ലാസ് തകർക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ കേസ്. പ്രതി ഇയ്യാട് മക്കുണ്ടിക്കൽ ദിൽകർ അലി (36) പോലീസ് പിടിയിൽ.

ഇന്നലെ രാത്രി 10:30യോടെ എളേറ്റിൽ ചെറ്റക്കടവിൽ പുതിയോട്ടിൽ അബ്ദുൽ മജീദിന്റെ വീട്ടിലായിരുന്നു സംഭവം. പ്രതിയായ ദിൽകർ അലി മജീദിന്റെ മകളുടെ ഭർത്താവാണ്. വീടിന്റെ മുൻവശത്തെ വരാന്തയിലേക്ക്  പ്രതി അതിക്രമിച്ചു കയറി കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും, ​കയ്യിൽ കരുതിയ മാരകായുധമായ കത്തി ഉപയോഗിച്ച് ഭാര്യാപിതാവായ അബ്ദുൽ മജീദിന്റെ ഇടതു കൈമുട്ടിന് വെട്ടിപരുക്കേൽപ്പിക്കുകയും ചെയ്തു.

പിതാവിനെ ആക്രമിക്കുന്നത് കണ്ട് ​തടയാൻ ശ്രമിച്ച ഭാര്യാ സഹോദരൻ മുഹമ്മദ് മൻസൂറിന്റെ നെഞ്ചത്തും, ഇടുപ്പിലും പ്രതി കടിച്ചു പരിക്കേൽപ്പിക്കുകയും വീടിന്റെ ജനലിന്റെ ഗ്ലാസ് അടിച്ച് തകർക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്തു. പ്രതിയുടെ ഭാര്യ പ്രതിക്കെതിരെ പോലീസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. 

പ്രതി ലഹരിക്കടിമയും,​ ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ട ആളുമായതിന് എതിരെയാണ് ഭാര്യ പരാതി നൽകിയിരുന്നത്. അബ്ദുൽ മജീദിന്റെയും, മൻസൂറിന്റെയും പരാതിയിൽ കൊടുവള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.